26 December 2024

മണ്ണാർക്കാട് : വെള്ളം ലഭിക്കാത്തതിനെത്തുടർന്ന് നെൽക്കൃഷി ഉണക്കുഭീഷണിയിലായ തെങ്കര മേഖലയിലേക്ക് കാഞ്ഞിരപ്പുഴ ജലസേചനപദ്ധതിയിൽനിന്നുള്ള വെള്ളം എത്തിത്തുടങ്ങി. ഇത് കർഷകർക്ക് ആശ്വാസമായി.

മേലാമുറി, കുന്നത്തുകളം, കൈതച്ചിറ, മണലടി തുടങ്ങിയ പാടശേഖരങ്ങളിലെ പ്രദേശത്തെ 30 ഏക്കറോളം നെൽപ്പാടങ്ങളാണ് ഉണക്കുഭീഷണി നേരിട്ടിരുന്നത്. കർഷകരുടെ നിരന്തര ആവശ്യം പരിഗണിച്ച് ഞായറാഴ്ച വൈകീട്ട് കാഞ്ഞിരപ്പുഴ ജലസേചനപദ്ധതി അധികൃതർ വലതുകര കനാലിന്റെ ഷട്ടർ അഞ്ചു സെന്റീമീറ്റർ ഉയർത്തുകയായിരുന്നു. തുടർന്ന്, തിങ്കളാഴ്ച ഷട്ടർ 10 സെന്റീമീറ്ററാക്കി ഉയർത്തി വെള്ളത്തിന്റെ ഒഴുക്ക് വർധിപ്പിച്ചു.

15-ന് വെള്ളം തുറന്നുവിടുമെന്നായിരുന്നു അധികൃതർ പാടശേഖരസമിതികൾക്ക് നൽകിയ ഉറപ്പ്.

അതേസമയം കാഞ്ഞിരപ്പുഴ റോഡ് നവീകരണത്തിന്റെ ഭാഗമായി വർമംകോട് കനാലിനു കുറുകെ പാലം നിർമിക്കുന്ന പ്രവൃത്തി നടക്കുന്നതാണ് തടസ്സം സൃഷ്ടിച്ചത്. കനാലിൽ ബണ്ടുകെട്ടി വെള്ളം നിർത്തിയായിരുന്നു കരാർ കമ്പനിയുടെ പ്രവൃത്തികൾ നടന്നിരുന്നത്.

നിലവിൽ അടിത്തറ സ്ഥാപിക്കൽ പ്രവൃത്തികൾ പൂർത്തിയായതോടെ ബണ്ട് പൊളിച്ചുമാറ്റുകയായിരുന്നു. ഇതോടെ കനാൽവഴി ജലവിതരണം പുനഃസ്ഥാപിക്കാൻ കഴിഞ്ഞു. ഒരാഴ്ച വെള്ളം വിടണമെന്നാണ് കർഷകരുടെ ആവശ്യം. കർഷകർ ആവശ്യപ്പെടുന്നത്രയും വെള്ളംവിട്ടുകൊടുത്തശേഷമേ ഷട്ടർ താഴ്ത്തൂ എന്ന് അധികൃതരും പറഞ്ഞു.

കനാലിൽ എവിടെയെങ്കിലും തടസ്സങ്ങളുണ്ടെങ്കിൽ പരിഹരിക്കുമെന്നും അധികൃതർ അറിയിച്ചു.

കനാലിന്റെ വാലറ്റപ്രദേശങ്ങളിലെ പാടശേഖരങ്ങളിൽ കർഷകർ മുണ്ടകൻ കൃഷി നടത്തുന്നത് വലതുകര കനാലിലൂടെയുള്ള ജലവിതരണത്തെ ആശ്രയിച്ചാണ്. നെല്ല് കതിരണിയുകയും ആവശ്യത്തിന് വെള്ളം ലഭിക്കാതാവുകയും ചെയ്ത സാഹചര്യത്തിലാണ് കർഷകർ ജലവിതരണത്തിനായി മുറവിളികൂട്ടിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!