കൊഴിഞ്ഞാമ്പാറ : മകനെ ഒരുസംഘം മർദിക്കുന്നത് തടയുന്നതിനിടെ തലയ്ക്കടിയേറ്റ് ഗൃഹനാഥൻ മരിച്ച സംഭവത്തിലെ പ്രതികൾക്ക് ആറേമുക്കാൽ വർഷം തടവുശിക്ഷ. കോഴിപ്പാറ പാലിയൻതറ അറുളൻ വീട്ടിൽ ബ്രിട്ടോ (40), പുഷ്പരാജ് (47), കോഴിപ്പാറ പാലിയൻതറ ചിറ്റൂരാൻ വീട്ടിൽ ജോൺ ഗുരുസാമി (36) എന്നിവരെയാണ് പാലക്കാട് ഫോർത്ത് അഡീഷണൽ ജില്ലാ സെഷൻസ് കോടതി (ഫാസ്റ്റ്ട്രാക്ക് കോടതി നമ്പർ രണ്ട്) ജഡ്ജി എൽ. ജയവന്ത് ശിക്ഷിച്ചത്. തടവിനുപുറമേ, 19,000 രൂപ പിഴയടയ്ക്കണം. സംഭവം നടന്ന് 10 വർഷത്തിനുശേഷമാണ് വിധി.
കോഴിപ്പാറ എരവട്ടപ്പാറ ഉളിയാർ വീട്ടിൽ മുതലമുത്തു (60) കൊല്ലപ്പെട്ട കേസിലാണ് വിധി. വിചാരണക്കിടയിൽ കൂറുമാറിയ സാക്ഷികൾക്കെതിരേ കോടതി സ്വമേധയാ നടപടിയെടുത്തിരുന്നു
2013 ഡിസംബർ 12-ന് രാവിലെ 10.30 നാണ് കേസിനാസ്പദമായ സംഭവം. എരവട്ടപ്പാറയിൽ കല്യാണവീട്ടിലുണ്ടായ തർക്കമാണ് പിന്നീട് മർദനത്തിലും കൊലപാതകത്തിലും കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. കല്യാണവീട്ടിലെ കശപിശയെത്തുടർന്ന് പിറ്റേന്ന് മൂന്നുപേർ മുതലമുത്തുവിന്റെ വീട്ടുവളപ്പിൽ അതിക്രമിച്ചുകയറി മകൻ ജയരാജിനെ ആക്രമിക്കുകയായിരുന്നു. ഇത് തടയുന്നതിനിടെയാണ് മുതലമുത്തുവിന്റെ തലയ്ക്ക് അടിയേറ്റത്.
തൃശ്ശൂർ മെഡിക്കൽകോളേജിൽ പ്രവേശിപ്പിച്ചെങ്കിലും 13-ന് മരിച്ചു.
അന്നത്തെ കൊഴിഞ്ഞാമ്പാറ പോലീസ് സബ് ഇൻസ്പെക്ടർ ടി.എസ്. ബിനുവാണ് കേസ് രജിസ്റ്റർചെയ്തത്. അന്നത്തെ ചിറ്റൂർ ഇൻസ്പെക്ടർ എ.എം. സിദ്ദീഖ് (നിലവിൽ ഫറോക്ക് എ.സി.പി.) അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ ഗവ. പ്ലീഡർ എം.ജെ. വിജയകുമാർ, മുൻ അഡീഷണൽ ഗവ. പ്ലീഡർ റെഡ്സൺ സ്കറിയ എന്നിവർ ഹാജരായി. ജില്ലാ പ്രോസിക്യൂഷൻ ലെയ്‌സൺ വിഭാഗത്തിലെ സീനിയർ സി.പി.ഒ. ജിനപ്രസാദ് പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.