27 December 2024

മുംബൈ: 64കാരിയെ പീഡിപ്പിച്ച സംഭവത്തിൽ 38കാരന്‍ പിടിയിൽ മുംബൈയിലാണ് സംഭവം. ചൊവ്വാഴ്ച രാവിലെയാണ് 64കാരി അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. ഇതിന് മുന്‍പും ലൈംഗിക അതിക്രമ കേസുകളിൽ പ്രതിയായിട്ടുള്ള യുവാവാണ് അറസ്റ്റിലായിട്ടുള്ളത്. മുംബൈയുടെ കിഴക്കന്‍ മേഖലയിലെ ഒരു ആരാധനാലയത്തിന് സമീപം ചെറിയ കട നടത്തിയിരുന്ന 64കാരിയാണ് ആക്രമണത്തിനിരയായത്. സംഭവത്തേക്കുറിച്ച് പൊലീസ് വിശദമാക്കുന്നത് ഇപ്രകാരമാണ്.

ഈ ആരാധനാലയത്തിലെ ആഘോഷം നടക്കുന്നതിനിടയിൽ 38കാരന്‍ ഇവിടെയെത്തിയിരുന്നു. ഇവിടെ വച്ച് വയോധികയെ പരിചയപ്പെട്ട യുവാവ് ഇവരെ വീട്ടിലെത്തിക്കാമെന്നും പ്രലോഭിപ്പിച്ചാണ് ഒപ്പം കൂടിയത്. വീട്ടിലേക്ക് പോകുന്നതിനിടെ ഭക്ഷണവും വാങ്ങിയ യുവാവ് വയോധികയുടെ വീട്ടിൽ വച്ച് ആഹാരം കഴിച്ചു. ഇതിന് പിന്നാലെ യുവാവ് വയോധികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ബഹളം വച്ച് പ്രതിരോധിക്കാന്‍ ശ്രമിച്ച വയോധികയെ യുവാവ് മർദ്ദിച്ച് അവശയാക്കിയ ശേഷം ലൈംഗികമായി പീഡിപ്പിച്ച് വീടിന് പുറത്ത് ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.

പുലർച്ചെ ഇതുവഴി കടന്നുപോയ പ്രദേശവാസികളാണ് 64കാരിയെ അവശ നിലയിൽ കണ്ടെത്തിയത്. നാട്ടുകാർ വിവരം അറിയിച്ചതിനേ തുടർന്ന് ഇവിടെയെത്തിയ പൊലീസ് വയോധികയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇവരുടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്നാണ് പൊലീസ് വിശദമാക്കുന്നത്. വയോധിക നൽകിയ വിവരങ്ങളെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവ് പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തതിലാണ് 2017ൽ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലും ഇയാൾ പ്രതിയാണെന്ന് കണ്ടെത്തുന്നത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!