26 December 2024

തിരുവനന്തപുരം: നവകേരള സദസ്സിന്റെ തിരുവനന്തപുരം ജില്ലയിലെ പര്യടനം ഇന്ന് മുതൽ ആരംഭിക്കും. ഇന്നലെ രാത്രിയോടെയാണ് നവകേരള സദസ്സ് വർക്കലയിൽ എത്തിയത്. രാവിലെ ആറ്റിങ്ങൽ മാമത്തെ പൂജ കൺവെൻഷൻ സെന്ററിലാണ് പ്രഭാതയോഗവും മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനവും നിശ്ചയിച്ചിരിക്കുന്നത്. ചിറയൻകീഴ്, ആറ്റിങ്ങൽ, വാമനപുരം, നെടുമങ്ങാട് മണ്ഡലങ്ങളിലാണ് ഇന്ന് നവകേരള സദസ്സ്.

മൂന്ന് ദിവസമാണ് തിരുവനന്തപുരം ജില്ലയിലെ നവ കേരള സദസ് പര്യടനം. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ജില്ലയിൽ ആകെ ഒരുക്കിയിരിക്കുന്നത്. അടിച്ചാൽ തിരിച്ചടിക്കുമെന്ന പ്രതിപക്ഷ നേതാവിന്റെ വെല്ലുവിളിയെ ഇന്നലെ രൂക്ഷമായാണ് മുഖ്യമന്ത്രി വിമർശിച്ചത്. വർക്കലയിലെ നവകേരള സദസ്സ് കഴിഞ്ഞ് മടങ്ങവേ മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകർ കരിങ്കൊടി കാണിച്ചത് സംഘർഷത്തിന് ഇടയാക്കിയിരുന്നു.

നവ കേരള സദസ്സിന് എതിരെ പ്രതിഷേധിക്കുന്നവർക്ക് നേരെയുള്ള പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് ഇന്ന് തലസ്ഥാനത്ത് കെഎസ്‌യുവിന്റെ മാർച്ച് നടത്തും. പൊലീസ് ആസ്ഥാനത്തേക്കാണ് മാർച്ച്. പ്രതിഷേധക്കാരെ തല്ലിച്ചതച്ച മുഖ്യമന്ത്രിയുടെ ഗൺമാന് എതിരെ നടപടി വേണമെന്നാണ് കെഎസ്‌യുവിന്റെ ആവശ്യം. പത്തരക്കാണ് മാർച്ച് തീരുമാനിച്ചിരിക്കുന്നത്. ഇന്നലെ സെക്രട്ടറിയേറ്റിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ തലസ്ഥാനം യുദ്ധകളമായി മാറിയിരുന്നു. ഇത് കണക്കിലെടുത്ത് പൊലീസ് ആസ്ഥാനത്തും പരിസരത്തും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!