ന്യൂഡൽഹി: സമഗ്രമായ കൂടിയാലോചനകൾക്ക് ശേഷമാണ് പരിഷ്കരിച്ച ക്രിമിനൽ നിയമങ്ങളുണ്ടാക്കിയതെന്ന് മന്ത്രി അമിത് ഷാ പറഞ്ഞു. ക്രിമിനൽ നീതിന്യായ വ്യവസ്ഥക്ക് ഇനി മാനുഷിക സ്പർശമുണ്ടാകും. ഇന്ത്യൻ ചിന്തയെ അടിസ്ഥാനമാക്കിയുള്ള നീതിന്യായ വ്യവസ്ഥ സ്ഥാപിക്കാനാണ് ശ്രമിക്കുന്നത്. പിഴചുമത്തുന്നതിന് പകരം നീതി നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് പുതിയ നിയമങ്ങൾ.
പൊലീസിന് പരാതി കിട്ടി മൂന്നു ദിവസത്തിനകം എഫ്.ഐ.ആർ ഇടണം. 14 ദിവസത്തിനകം പ്രാഥമിക അന്വേഷണം പൂർത്തിയാക്കണം. അന്വേഷണ റിപ്പോർട്ട് 24 മണിക്കൂറിനകം മജിസ്ട്രേറ്റിന് സമർപ്പിക്കണം. 180 ദിവസമാണ് ഇനി കുറ്റപത്രം സമർപ്പിക്കാനുള്ള സമയപരിധി. അന്വേഷണം കഴിഞ്ഞിട്ടില്ലെങ്കിൽ കോടതിയിൽനിന്ന് അനുമതി വാങ്ങണം. 45 ദിവസത്തിനപ്പുറത്തേക്ക് ഒരു കേസ് വിധിപറയാൻ മാറ്റരുത്.
രാജ്യത്തിന് പുറത്തുള്ള കുറ്റാരോപിതർ 90 ദിവസത്തിനകം കോടതിക്കുമുമ്പാകെ ഹാജരായില്ലെങ്കില്‍ അവരുടെ അസാന്നിധ്യത്തിലും വിചാരണ മുന്നോട്ടുകൊണ്ടുപോകുന്ന ട്രയല്‍ ഇന്‍ ആബ്ഷന്‍സ്യ എന്ന വ്യവസ്ഥ പുതിയ നിയമത്തിലുണ്ടാകും. കുറ്റമുക്തനാക്കാനുള്ള അപേക്ഷ സമര്‍പ്പിക്കാന്‍ പ്രതിക്ക് ഏഴുദിവസത്തെ സമയം ലഭിക്കും. ഏഴുദിവസത്തിനുള്ളില്‍ ജഡ്ജി വാദം കേള്‍ക്കണം. 120 ദിവസത്തിനുള്ളില്‍ കേസ് വിചാരണക്കുവരും.
കുറ്റകൃത്യം നടന്ന് 30 ദിവസത്തിനുള്ളില്‍ ഒരാള്‍ കുറ്റം സമ്മതിച്ചാല്‍ ശിക്ഷയില്‍ കുറവ് വരുമെന്നും അമിത് ഷാ പറഞ്ഞു. ആൾക്കൂട്ടക്കൊലപാതകത്തിന് വധശിക്ഷ നൽകുന്നതാണ് ബിൽ. കോളനികാല ചിന്തകളിൽനിന്നും മനഃസ്ഥിതിയിൽനിന്നും ഇന്ത്യക്കാരെ മോചിപ്പിക്കുന്നതാണ് ബിൽ എന്ന് പറഞ്ഞ അമിത് ഷാ ഇറ്റാലിയൻ മനഃസ്ഥിതിയുള്ളവർക്കേ ഇതിൽ വിഷമമുണ്ടാകൂ എന്ന് സോണിയയെയും രാഹുലിനെയും അവരുടെ അഭാവത്തിൽ പരിഹസിക്കുകയും ചെയ്തു. ഭീകരതയെ ഇന്ത്യയിൽ ആദ്യമായി വ്യാഖ്യാനിച്ച ബിൽ ആണിതെന്നും രാജ്യദ്രോഹം ദേശദ്രോഹമാക്കി മാറ്റിയാണ് കുറ്റകരമാക്കിയതെന്നും അമിത് ഷാ പറഞ്ഞു.