26 December 2024

കോഴിക്കോട്: ഇരുചക്രവാഹനങ്ങളിൽ അഭ്യാസ പ്രകടനം നടത്തിയ യുവാക്കൾക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് നടപടിയെടുക്കും. കോഴിക്കോട് മിനി ബൈപ്പാസ് റോഡിൽ അഭ്യാസ പ്രകടനം നടത്തിയ മുഹമ്മദ് റിസ്‌വാൻ, എസ് റിത്വിക്, വിജയ് എന്നിവരുടെ ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്പെന്റ് ചെയ്തു. റോഡിലെ അഭ്യാസപ്രകടനത്തിന്റെ വീഡിയോ ഇൻസ്റ്റഗ്രാമിൽ പ്രചരിച്ചതിന് പിന്നാലെയാണ് നടപടി.

ദൃശ്യങ്ങളിൽ യുവാക്കളുടെ മുഖം വ്യക്തമാകുന്നില്ലെങ്കിലും നമ്പര്‍ പ്ലേറ്റ് വ്യക്തമായി കാണാൻ കഴിഞ്ഞിരുന്നു. ഇതാണ് കുറ്റക്കാരെ വേഗം കണ്ടെത്താൻ മോട്ടോര്‍ വാഹന വകുപ്പിന് സഹായകരമായത്. കഴിഞ്ഞ ദിവസം സിനിമ കണ്ട് രാത്രി വൈകി വീട്ടിലേക്ക് മടങ്ങും വഴിയാണ് വീഡിയോ ഷൂട്ട് ചെയ്തത്. തുടര്‍ന്ന് റി‌സ്‌വാൻ ഈ ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുകയായിരുന്നു.

പിന്നാലെ വീഡിയോ വൈറലായി പ്രചരിച്ചു. ഇത് മോട്ടോര്‍ വാഹന വകുപ്പ് എൻഫോഴ്‌സ്മെന്റ് വിഭാഗത്തിന്റെ ശ്രദ്ധയിൽപെട്ടു. റിസ്‌വാൻ അടക്കമുള്ളവരെ മോട്ടോര്‍ വാഹന വകുപ്പ് ഓഫീസിലേക്ക് ഹിയറിങിനായി വിളിപ്പിച്ചിരുന്നു. മൂന്ന് യുവാക്കളുടെയും മാതാപിതാക്കളെയും ഹിയറിങിന് വിളിപ്പിച്ചിരുന്നു. ഇതിന് ശേഷമാണ് ലൈസൻസ് സസ്പെന്റ് ചെയ്തത്. യുവാക്കൾ ഇനി മോട്ടോര്‍ വാഹന വകുപ്പിന്റെ പരീക്ഷ കൂടി എഴുതണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!