ഭോപാൽ: ബധിരയും മൂകയുമായ പതിനേഴുകാരിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ അയൽവാസി അറസ്റ്റിൽ. മധ്യപ്രദേശിലെ ഷഹ്ദോളിലാണ് സംഭവം. പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
കഴിഞ്ഞ ദിവസങ്ങളിൽ അമ്മ വീട്ടിലില്ലാത്ത സമയത്ത് പ്രതി ഇരയുടെ വീട് സന്ദർശിച്ചിരുന്നതായി കോട്വാലി പൊലീസ് സ്റ്റേഷൻ ഇൻചാർജ് രാഘവേന്ദ്ര സിങ് പറഞ്ഞു. പെൺകുട്ടിയുടെ പെരുമാറ്റത്തിൽ മാറ്റം വന്നതായി ശ്രദ്ധയിൽപ്പെട്ട അമ്മ നടത്തിയ ചോദ്യം ചെയ്യലിലാണ് പീഡിപ്പിക്കപ്പെട്ട വിവരം പെൺകുട്ടി വെളിപ്പെടുത്തിയത്.
സംഭവത്തിന് പിന്നാലെ അമ്മ കോട്വാലി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്തതായും വിഷയത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. പ്രതിക്കെതിരെ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയതായും പൊലീസ് അറിയിച്ചു.