കാലിഫോർണിയ: പത്ത് വയസുകാരന്‍റെ തലയിലും കഴുത്തിലും വെടിയേറ്റു, 10 വയസുകാന്‍ അറസ്റ്റിൽ. കാലിഫോർണിയയിലെ സാക്രിമെന്‍റോയിലാണ് സംഭവം. ശനിയാഴ്ചയാണ് പത്ത് വയസുകാരനെ മറ്റൊരു പത്ത് വയസുകാന്റെ കൊലപാതകത്തിൽ അറസ്റ്റ് ചെയ്തത്. ശനിയാഴ്ച വൈകുന്നേരം 4.30ഓടെയാണ് വെടിവയ്പ് നടന്നത്. പ്രദേശവാസികൾ നൽകിയ വിവരം അനുസരിച്ച് വെടിയൊച്ച കേട്ട സ്ഥലത്ത് എത്തിയ പൊലീസ് കണ്ടെത്തിയത് തലയിലും കഴുത്തിലും വെടിയേറ്റ് ചോര വാർന്നൊഴുകുന്ന നിലയിൽ 10 വയസുകാരനെ കണ്ടെത്തിയത്.
പ്രാഥമിക ചികിത്സ നൽകിയ ശേഷം കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചിരുന്നില്ല. മറ്റൊരു പത്ത് വയസുകാരനാണ് വെടിയുതിർത്തതെന്ന് പൊലീസ് അന്വേഷണത്തിൽ വിശദമായി. പിതാവിന്റെ കാറിൽ നിന്ന് സിഗരറ്റ് അടിച്ചുമാറ്റാനുള്ള ശ്രമത്തിനിടെയാണ് ഡാഷ് ബോർഡിൽ അലക്ഷ്യമായി സൂക്ഷിച്ച തോക്ക് പത്ത് വയസുകാരന്റെ ശ്രദ്ധയിൽപ്പെടുന്നത്. ഇതെടുത്ത് വീരവാദം നടത്തുന്നതിനിടെയാണ് തൊട്ടടുത്തുള്ള അപ്പാർട്ട്മെന്റിലെ പത്ത് വയസുകാരന് വെടിയേറ്റത്. വെടി കൊണ്ട് പത്ത് വയസുകാരന്‍ നിലത്ത് വീണത് കണ്ടതോടെ കുട്ടി സ്ഥലത്ത് നിന്ന് മുങ്ങുകയായിരുന്നു. പിന്നീട് പൊലീസ് നടത്തിയ തെരച്ചിലിലാണ് 53കാരനൊപ്പം 10 വയസുകാരന്‍ കീഴടങ്ങിയത്. ആർക്കെറ്റ് ഡേവിഡ് എന്നയാളാണ് കുട്ടിക്കൊപ്പം പൊലീസിന് മുന്നിലേക്ക് എത്തിയത്.