25 December 2024

നിങ്ങൾക്ക് നന്മ ചെയ്യണമെങ്കിൽ ഒരുപാട് ധനം ആവശ്യമില്ല, മറിച്ച് ഒരു നല്ല മനസുണ്ടായാൽ മതി എന്ന് പറയാറുണ്ട്. ഒരുപാട് പണമുണ്ടെങ്കിലും സഹജീവികൾക്ക് വേണ്ടി എന്തെ‌ങ്കിലും ചെയ്യാനുള്ള മനസില്ലെങ്കിലോ? എന്നാൽ, ഉള്ളത് മറ്റുള്ളവർക്ക് വേണ്ടി കൂടി പങ്കുവച്ചു നൽകാൻ തയ്യാറാവുന്ന അനേകം നല്ല മനസിന്റെ ഉടമകളും നമുക്ക് ചുറ്റിലുമുണ്ട്. നമ്മൾ കഴിച്ചില്ലെങ്കിലും സഹജീവികളെ ഊട്ടണം എന്ന് ചിന്തിക്കുന്നവരും ഈ ലോകത്ത് തന്നെയുണ്ട്. ഒന്ന് കണ്ണ് തുറന്ന് ചുറ്റും നോക്കിയാൽ അങ്ങനെയുള്ളവരെ നമുക്ക് കാണാം. അത് തെളിയിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

തന്റെ പട്ടിണിയെ കുറിച്ച് മറന്ന്, തന്റെ ഇല്ലായ്‍മകളും വല്ലായ്മകളും മറന്ന് ഒരു മനുഷ്യൻ ഒരു നായയ്ക്ക് തന്റെ ഭക്ഷണത്തിന്റെ പങ്ക് നൽകുന്നതാണ് വീഡിയോയിൽ. വീഡിയോയിലുള്ള ആ മനുഷ്യന്റെ പേരെന്താണ് എന്ന് അറിയില്ല. പക്ഷേ, നെറ്റിസൺസ് അദ്ദേഹത്തെ വിളിക്കുന്നത് ബാബാജി എന്നാണ്. മുംബൈയിലെ ബാന്ദ്രയിലെ പർപ്പിൾ ഹേസ് സ്റ്റുഡിയോയ്ക്ക് പുറത്തെ ന​ഗരത്തിരക്കുകളിലാണ് ആ മനുഷ്യനുള്ളത്. അദ്ദേഹത്തെ പകർത്തി സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെടുത്തിയത് ആർട്ടിസ്റ്റും ഇൻഫ്ലുവൻസറുമായ സാദ് ഖാനാണ്. സാദ് ഖാൻ ഷെയർ ചെയ്ത വീഡിയോയിൽ ഒരു നായയ്ക്കരികിൽ ഇരിക്കുന്ന ബാബാജിയെ കാണാം.

തെരുവോരത്ത് ബാബാജിക്കരികിൽ ഒരു നായ കിടപ്പുണ്ട്. സാദ് ഖാൻ ചോദിക്കുന്നത് ‘നിങ്ങൾക്ക് കഴിക്കാനൊന്നുമില്ലെങ്കിൽ പോലും നിങ്ങൾ അവന് വേണ്ടി ഭക്ഷണം കണ്ടെത്തുന്നുവല്ലോ’ എന്നാണ്. അതിനുള്ള ആ മനുഷ്യന്റെ മറുപടി ആരുടേയും ഹൃദയത്തെ സ്പർശിക്കുന്നതായിരുന്നു. ‘ശരിയാണ് എനിക്ക് കഴിക്കാൻ ഒന്നുമില്ല. പക്ഷേ, നിങ്ങൾക്ക് ഒരു കുഞ്ഞോ ഇതുപോലെ ഒരു വളർത്തുമൃ​ഗമോ ഉണ്ടെങ്കിൽ നിങ്ങൾ അവർക്ക് വേണ്ടി ഭക്ഷണം കണ്ടെത്തി നൽകും’ എന്നാണ്. അതിനി എത്ര മോശപ്പെട്ട സാഹചര്യമാണെങ്കിലും നിങ്ങളത് ചെയ്യും എന്നും ബാബാജി പറയുന്നു.

വളരെ പെട്ടെന്നാണ് ബാബാജി സോഷ്യൽ മീഡിയയിലൂടെ ആളുകളുടെ ഹൃദയത്തിൽ ഇടം പിടിച്ചത്. പലരും അദ്ദേഹത്തെ പുകഴ്ത്തിക്കൊണ്ട് കമന്റുകൾ നൽകി. ‘ചിലർക്ക് വീടും പണവുമുണ്ട്. എന്നാലും അവർ തങ്ങളുടെ നായയെ തെരുവിലുപേക്ഷിക്കും. അത്തരം ആളുകൾ മനുഷ്യത്വം എന്താണ് എന്ന് ഇദ്ദേഹത്തിൽ നിന്നും കണ്ടു പഠിക്കണം’ എന്നായിരുന്നു ഒരാളുടെ കമന്റ്. സമാനമായ കമന്റുകൾ അനേകം പേരാണ് വീഡിയോയ്ക്ക് താഴെ നൽകിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!