പത്തനംതിട്ട: ഒൻപത് മാസം പ്രായമുള്ള ഗർഭസ്ഥ ശിശു മരിച്ച സംഭവത്തിൽ ഡോക്ടർക്കെതിരെ പോലീസ് കേസെടുത്തു. തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് അമ്പലപ്പുഴ സ്വദേശികളായ ദമ്പതികളുടെ കുഞ്ഞ് മരിച്ചത്. ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കൾ നൽകിയ പരാതിയിലാണ് നടപടി.
അമ്പലപ്പുഴ സ്വദേശികളായ ഹരികൃഷ്ണൻ – വന്ദന ദമ്പതികളുടെ ആൺകുഞ്ഞാണ് മരിച്ചത്. കുഞ്ഞിന് അനക്കുറവ് അനുഭവപ്പെട്ടതിനെ തുടർന്ന് ഈ മാസം 8 മുതൽ 12 വരെ വന്ദന പുഷ്പഗിരി ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇന്നലെ രാവിലെ വീണ്ടും കുഞ്ഞിന് അനക്കം കുറഞ്ഞപ്പോൾ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി. എന്നാൽ കൃത്യസമയത്ത് ചികിത്സ ഉറപ്പാക്കുന്നതിൽ ഡോക്ടർ അലംഭാവംകാട്ടിയെന്നാണ് പരാതി. വൈകിട്ട് സ്കാൻ ചെയ്തപ്പോൾ കുഞ്ഞ് മരിച്ചെന്ന് വ്യക്തമായി.
തിരുവല്ല പുഷ്പഗിരിയിലെ ഗൈനക്കോളജിസ്റ്റിനെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്കാണ് പോലീസ് കേസെടുത്തത്. നിലവിൽ ഡോക്ടറുടെ പേര് എഫ്ഐഐറിൽ ചേർത്തിട്ടില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷം തുടർനടപടിയുണ്ടാകുമെന്ന് തിരുവല്ല പോലീസ് അറിയിച്ചു. അതേസമയം, ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്നാണ് ആശുപത്രിയുടെ വിശദീകരണം.