കണ്ണൂര്‍ ജില്ലയില്‍ ഓണ്‍ലൈന്‍ തട്ടിപ്പുസംഘത്തിന്റെ കെണിയില്‍ വീണ യുവതിയുള്‍പ്പെടെ രണ്ടുപേര്‍ക്ക് ഒരുലക്ഷത്തോളം രൂപ നഷ്ടമായി. ഉത്തരേന്ത്യ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന മാഫിയ സംഘം ഇവരുടെ പണം തട്ടിയെടുത്തതായി കണ്ണൂര്‍ സൈബര്‍ പൊലിസ് അറിയിച്ചു.
കഴിഞ്ഞദിവസം കുത്തുപറമ്പ് സ്വദേശിനിയായ യുവതിക്ക് സോഷ്യല്‍ മീഡിയ വഴി ലഭിച്ച പരസ്യത്തിന്റെ അടിസ്ഥാനത്തില്‍ ചെറിയ വിലക്ക് ഡ്രൈ ഫ്രൂട്ട് വാങ്ങുവാന്‍ ശ്രമിച്ചതുകാരണം44,550 രൂപ നഷ്ടപ്പെട്ടു. പരസ്യത്തില്‍ ലഭിച്ച ലിങ്കില്‍ ക്ലിക്ക് ചെയ്യുക വഴി ആധികാരികത ഇല്ലാത്ത വെബ്സൈറ്റിലേക്ക് പ്രവേശിക്കുകയും സാധനം വാങ്ങുന്നതിനായി ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ നല്കിയതു കാരണം പണം നഷ്ടപ്പെടുകയായിരുന്നു.
വളപട്ടണം സ്വദേശിയായ യുവാവിന് ഇതിനു സമാനമായി 50,000 രൂപ നഷ്ടപ്പെട്ടു. ആമസോണില്‍ നിന്നും റീഫണ്ട് തുക ലഭിക്കുന്നതിനായി ഗൂഗിള്‍ സേര്‍ച്ച് വഴി ലഭിച്ച വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പരില്‍ വിളിച്ചതില്‍ തട്ടിപ്പുകാര്‍ പരാതിക്കാരന്റെ ഫോണില്‍ എനി ഡസ്ക് എന്ന സ്ക്രീന്‍ ഷെയര്‍ അപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യിപ്പിച്ചു ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കൈവശപ്പെടുത്തി പണം പിന്‍വലിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് വളപട്ടണം സ്വദേശി പരാതി നല്‍കിയത്.