അതിരപ്പിള്ളിയില്‍ കാട്ടാനയിറങ്ങി. വെറ്റിലപ്പാറ അരൂര്‍മുഴിയില്‍ ഇന്ന് വൈകിട്ടോടെയായിരുന്നു കാട്ടാനയിറങ്ങിയത്. കാടിനകത്ത് നിന്ന് ഫെന്‍സിംഗ് ലൈന്‍ തകര്‍ത്ത് കാട്ടാന ജനവാസ മേഖലയിലേക്ക് ഇറങ്ങുകയായിരുന്നു. റോഡില്‍ ഇറങ്ങിയ കാട്ടാന ആളുകളെ ഓടിക്കുകയും ചെയ്തു. പ്രദേശവാസികളായ ആളുകളാണ് കാട്ടാനയെ കണ്ടതോടെ വിരണ്ടോടിയത്.
ജനവാസ മേഖലയിലെ വീടുകള്‍ക്ക് സമീപത്ത് കാട്ടാന എത്തിയതോടെ പ്രദേശവാസികള്‍ വലിയ ആശങ്കയിലായിരിക്കുകയാണ്. അതേസമയം, ചാലക്കുടി പുഴയില്‍ കുളിക്കാനിറങ്ങിയവരെയും കാട്ടാന ഓടിച്ചു. സംഭവത്തില്‍ വനം വകുപ്പ് ഫലപ്രദമായി ഇടപെട്ടില്ലെന്നാണ് നാട്ടുകാര്‍ ഉന്നയിക്കുന്ന പരാതി. കാട്ടാനയിറങ്ങിയ വിവരം കൊന്നക്കുഴി ഫോറസ്റ്റ് സ്റ്റേഷനില്‍ അറിയിച്ചെങ്കിലും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
ഫോറസ്റ്റ് സ്റ്റേഷന് സമീപത്ത് ആന എത്തിയപ്പോഴാണ് മുതിര്‍ന്ന ഉദ്യോഗസ്ഥരെത്തി ആനയെ ഓടിക്കാന്‍ ശ്രമിച്ചത്. ശേഷം നാട്ടുകാരും വനപാലകരും ചേര്‍ന്ന് റോഡില്‍ വാഹനങ്ങള്‍ നിയന്ത്രിച്ച് ആനയെ കാടു കയറ്റി.