എടപ്പാള്‍ മേല്‍പ്പാലത്തില്‍ വന്‍ വാഹനാപകടം. ഇന്ന് പുലര്‍ച്ചെ കെഎസ്ആര്‍ടിസി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചാണ് അപകടം നടന്നത്. അപകടത്തില്‍ ഒരാള്‍ മരിച്ചു. ഇടിയുടെ ആഘാതത്തില്‍ വാഹനത്തില്‍ കുടുങ്ങിയ പിക്കപ്പ് വാനിലെ ഡ്രൈവറും പാലക്കാട് സ്വദേശിയുമായ രാജേന്ദ്രനാണ് മരിച്ചത്. രണ്ടര മണിക്കൂര്‍ പരിശ്രമത്തിനൊടുവിലാണ് വാഹനത്തിനുള്ളില്‍ നിന്ന് രാജേന്ദ്രനെ ഫയര്‍ഫോഴ്‌സ് പുറത്തെത്തിച്ചത്. രാജേന്ദ്രനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
എതിര്‍ ദിശയില്‍ നിന്ന് വന്ന കെഎസ്ആര്‍ടിസി ബസും പിക്കപ്പ് വാനുമാണ് കൂട്ടിയിടിച്ചത്. തൃശ്ശൂര്‍ ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്നു കെഎസ്ആര്‍ടിസി ബസ്. തുടര്‍ന്ന് എടപ്പാള്‍ മേല്‍പ്പാലത്തില്‍ വച്ചാണ് ഇരു വാഹനങ്ങളും തമ്മില്‍ കൂട്ടിയിടിച്ചത്. വാഹനത്തിലെ മറ്റു യാത്രക്കാരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരുടെ നില ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടത്തെ തുടര്‍ന്ന് എടപ്പാള്‍ മേല്‍പ്പാലത്തിനും സമീപപ്രദേശങ്ങളിലും വലിയ ഗതാഗതക്കാണ് അനുഭവപ്പെട്ടത്.