ജയ്പുർ: കേരളത്തിന്റെ അഭിമാനമയ സഞ്ജു സാംസൺ മുന്നിൽനിന്ന് നയിച്ചതോടെ ഇന്ത്യൻ പ്രീമിയർ ലീഗ് 17-ാം സീസണിലെ ആദ്യ ജയം സ്വന്തമാക്കി രാജസ്ഥാൻ റോയൽസ്. സീസണിലെ നേരിട്ട ആദ്യ മത്സരത്തിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെയാണ് തോൽപ്പിച്ചത്. സഞ്ജു സാംസന്റെ അവസരോചിതമായ ഇന്നിങ്‌സാണ് രാജസ്ഥാന്റെ ജയം സാധ്യമാക്കിയത്.
സ്‌കോർ: രാജസ്ഥാൻ- 193/4 (20 ഓവർ). ലഖ്‌നൗ- 173/9 (19.3 ഓവർ). ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത രാജസ്ഥാൻ നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 193 റൺസ് നേടി. മറുപടി ബാറ്റുചെയ്ത ലഖ്‌നൗവിന് ഓവറിൽ 173 റൺസ് നേടാനേ ആയുള്ളൂ. സഞ്ജു സാംസന്റെ (52 പന്തിൽ 82) ക്ലാസിക് പ്രകടനമാണ് രാജസ്ഥാന് ജയമൊരുക്കിയത്. ലഖ്‌നൗവിനുവേണ്ടി നിക്കോളസ് പൂരനും (41 പന്തിൽ 64) ക്യാപ്റ്റൽ കെ.എൽ. രാഹുലും (44 പന്തിൽ 58) പൊരുതിയെങ്കിലും ടീമിനെ ജയത്തിലെത്തിക്കാനായില്ല. 52 പന്തുകളിൽ 82 റൺസ് നേടിയ സഞ്ജു സാംസണാണ് രാജസ്ഥാൻ റോയൽസിന്റെ ഹീറോ. ആറ് സിക്‌സും മൂന്ന് ഫോറും ഉൾപ്പെട്ട ഇന്നിങ്‌സാണ് സഞ്ജുവിന്റേത്. 33 പന്തിലാണ് അർധ സെഞ്ചുറി നേടിയത്. എല്ലാ സീസണിന്റെയും തുടക്കമെന്ന പോലെ ഇത്തവണയും ഗംഭീരമായി തുടക്കംകുറിക്കാൻ സഞ്ജുവിനായി.രാജസ്ഥാന് പവർ പ്ലേയ്ക്കു മുന്നേതന്നെ ഓപ്പണർമാരായ ജോസ് ബട്‌ലറെയും യശസ്വി ജയ്‌സ്വാളിനെയും നഷ്ടമായി. നവീനുൽ ഹഖിന്റെ പന്തിൽ വിക്കറ്റ് കീപ്പർ കെ.എൽ. രാഹുലിന് ക്യാച്ച് നൽകിയാണ് ബട്‌ലർ മടങ്ങിയത്. ഒൻപത് പന്തിൽ 11 റൺസാണ് സമ്പാദ്യം. 12 പന്തിൽ 24 റൺസുമായി കത്തിക്കയറിയ യശസ്വി ജയ്‌സ്വാൾ മൊഹ്‌സിൻ ഖാന്റെ പന്തിൽ കൂറ്റനടിക്ക് ശ്രമിച്ചതായിരുന്നു. പന്ത് ക്രുണാൽ പാണ്ഡ്യയുടെ കൈകളിൽച്ചെന്ന് വീണു വിക്കറ്റ് പോയി.
പിന്നാലെയെത്തിയ റിയാൻ പരാഗ്, സഞ്ജുവുമായി ചേർന്ന് 93 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. ടീം സ്‌കോർ 142-ൽ നിൽക്കേ, നവീനുൽ ഹഖിന്റെ പന്തിൽ ദീപക് ഹൂഡയ്ക്ക് ക്യാച്ച് നൽകി പരാഗും തിരിച്ചുപോയി. 29 പന്തിൽ 43 റൺസാണ് സമ്പാദ്യം. മൂന്ന് സിക്‌സും ഒരു ഫോറും ഉൾപ്പെട്ട ഇന്നിങ്‌സ്. ഷിംറോൺ ഹെറ്റ്മയറും (5) പുറത്തായതോടെ സഞ്ജുവിനൊപ്പം ധ്രുവ് ജുറേലാണെത്തിയത്. 43 റൺസ് ഇരുവരും ചേർന്ന് നേടി.
തകർച്ചയോടെയായിരുന്നു ലഖ്‌നൗവിന്റെ മറുപടി ബാറ്റിങ്. ആദ്യ ഓവറിൽത്തന്നെ ഓപ്പണർ ക്വിന്റൺ ഡി കോക്കിനെ (4) നഷ്ടപ്പെട്ടു. ട്രെന്റ് ബോൾട്ടിന്റെ പന്തിൽ നാന്ദ്രേ ബർഗറിന് ക്യാച്ച് നൽകിയാണ് മടങ്ങിയത്. മൂന്നാം ഓവറിൽ ദേവ്ദത്ത് പടിക്കലിനെയും (പൂജ്യം) നഷ്ടമായി. ടീം സ്‌കോർ 11-ൽ നിൽക്കേ മൂന്നാം വിക്കറ്റും നഷ്ടമായതോടെ ലഖ്‌നൗ വലിയ തകർച്ചയെ അഭിമുഖീകരിച്ചു. ആയുഷ് ബദോനിയെയാണ് (1) മൂന്നാമതായി നഷ്ടപ്പെട്ടത്. നാന്ദ്രേ ബർഗറിന് വിക്കറ്റ്.
പിന്നീട് കെ.എൽ. രാഹുലും ദീപക് ഹൂഡയും ചേർന്ന് 49 റൺസിന്റെ കൂട്ടുകെട്ടുയർത്തി. 13 പന്തിൽ 26 റൺസ് നേടി ഹൂഡ പുറത്തായതോടെ നിക്കോളസ് പൂരൻ വന്നു. കെ.എൽ. രാഹുലുമായി ചേർന്ന് 85 റൺസിന്റെ കൂട്ടുകെട്ടാണ് ഉയർത്തിയത്. 41 പന്തുകൾ നേരിട്ട് 64 റൺസുമായി പൂരൻ തകർത്തെങ്കിലും ലഖ്‌നൗവിനെ വിജയത്തിലെത്തിക്കാനായില്ല. രാജസ്ഥാനുവേണ്ടി ട്രെന്റ് ബൗൾട്ട് രണ്ടും നാന്ദ്രേ ബർഗർ, രവിചന്ദ്രൻ അശ്വിൻ, യുസ്‌വേന്ദ്ര ചാഹൽ, സന്ദീപ് ശർമ എന്നിവർ ഓരോന്നും വിക്കറ്റുനേടി.