എറണാകുളം: മുൻ വോളിബോൾ താരം കരിമ്പാടം സത്യൻ വീട്ടിൽ മരിച്ച നിലയിൽ. വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് സമീപവാസികൾ നടത്തിയ പരിശോധനയിലാണ് സത്യനെ മരിച്ച നിലയിൽ കണ്ടെത്തിയത്. 76 വയസായിരുന്നു. വീട്ടിൽ ഒറ്റായ്‌ക്കാരുന്നു താമസം.
കട്ടിംഗ് സ്മാഷുകൾക്ക് പേരുകേട്ട വോളിബോൾ താരമായിരിരന്നു സത്യൻ. 1970 മുതൽ 1980 വരെ ഇന്ത്യൻ സൈന്യത്തിലും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഉയരക്കുറവിനെ വകവയ്‌ക്കാതെയായിരുന്നു അദ്ദേഹം വോളിബോളിൽ മിന്നുന്ന പ്രകടനം അക്കാലങ്ങളിൽ കാഴ്ച വച്ചിരുന്നത്. എച്ച്എംടി, പ്രീമിയർ ടയേഴ്‌സ്, സർവീസസ് തുടങ്ങിയ ടീമുകൾക്ക് വേണ്ടി അതിഥി താരമായും അദ്ദേഹം കളിച്ചിട്ടുണ്ട്. കരിമ്പാടം സ്‌പോർട്ടിങ് സ്റ്റാർ ക്ലബ്ബിലൂടെയാണ് സത്യൻ താരമായി മാറിയത്.
കളിയിൽ നിന്ന് വിട്ട ശേഷം വളരെയധികം ദാരിദ്ര്യത്തിലായിരുന്നു സത്യൻ. പ്രളയത്തിൽ വീടും അദ്ദേഹത്തിന് നഷ്ടപ്പെട്ടു. പിന്നീട് വോളിബോൾ പരിശീലകരും വിദ്യാർത്ഥികളും സമാഹരിച്ച തുകകൊണ്ടാണ് അദ്ദേഹത്തിന് വീട് നിർമ്മിച്ചത് നൽകിയത്.
മൃതദേഹം ആലുവ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം വൈകിട്ട് മൂന്ന് മണിക്ക് തോന്ന്യകാവ് ശ്മശാനത്തിൽ സംസ്‌കരിക്കും