ആലപ്പുഴ: ആലപ്പുഴ നെടുമുടിയിലെ റിസോർട് ജീവനക്കാരിയെ കൊലപെടുത്തിയ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അസമിലേക്ക് പോയി ഒരുമിച്ചു താമസിക്കണം എന്ന ഹാസിറയുടെ നിര്‍ബന്ധമാണ് കൊലക്ക് പ്രേരിപ്പിച്ചതെന്ന് പ്രതി പോലീസിന് മൊഴി നല്‍കി. കൊല്ലപ്പെട്ട സഹീറയും പ്രതി സഹാ അലിയുമായി 4 വർഷമായി പ്രണയത്തിലാണ്. സഹാ അലിക്ക് നാട്ടിൽ ഭാര്യയും കുട്ടികളുമുണ്ട്. ഇവരുടെ ബന്ധത്തെ ചൊല്ലി വീട്ടിൽ പ്രശ്നം ഉണ്ടായിരുന്നു. അസമിലേക്ക് കൊണ്ട് പോകാം എന്ന് പറഞ്ഞാണ് സഹാ അലി രാത്രി റിസോർട്ടിലെത്തിയത്. ഇതിനായി ഹാസിറ ബാഗെല്ലാം പാക്ക് ചെയ്തിരുന്നു. എന്നാൽ കൊല നടത്തി സഹാ അലി രക്ഷപെടുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.
നെടുമുടിയിൽ റിസോർട്ട് ജീവനക്കാരിയായിരുന്നു ആസാം സ്വദേശിയായ ഹസിറ. റിസോര്‍ട് ഉടമകളുടെ കുടുംബവും ഇവിടെ തന്നെയാണ് താമസിച്ചിരുന്നത്. രാത്രി പതിനൊന്നിന് ഉടമയുടെ മകൾക്ക് ഭക്ഷണം കൊടുത്ത ശേഷം മുറിയിലേക്ക് പോയ ഹസിറയെ രാവിലെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചലിലാണ് റിസോർട്ടിലെലെ മുറിക്ക് പുറത്ത് വാട്ടർടാങ്കിന് സമീപം കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
കഴുത്തിൽ പർദ്ദയുടെ ഷാൾ മുറുക്കിയ നിലയിലായിരുന്നു ഹസീറയെ കണ്ടെത്തിയത്. ഇരുകാതുകളിലെയും കമ്മൽ നഷ്ടമായിരുന്നു. ഒരു കാതിലെ കമ്മൽ പറിച്ചെടുത്ത നിലയിലാണ് ഹസീറയെ കണ്ടെത്തിയത്. ഇതോടെ കൊലപാതകമാണെന്ന നിഗമനത്തിലെത്തിയ അന്വേഷണത്തിനൊടുവിലാണ് രാത്രി പത്ത് മണിയോടെ സഹാ അലി പിടിയിലായത്.