2024-ലെ ആദ്യ മൂന്നുമാസങ്ങള്‍ തമിഴ് സിനിമാ ഇന്‍ഡസ്ട്രിയെ സംബന്ധിച്ച് അത്ര നല്ല അനുഭവമല്ല സമ്മാനിച്ചത്. ഏപ്രിലിലും സ്ഥിതി വ്യത്യസ്തമാവില്ല എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പഴയ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ റീ റിലീസാണ് തമിഴ്‌നാട്ടിലെ തീയേറ്ററുകളില്‍നിന്നുള്ള സമീപകാല ട്രെന്‍ഡ്. രജനികാന്ത്, വിജയ്, ചിമ്പു ചിത്രങ്ങള്‍ക്കു പിന്നാലെ സൂര്യയുടേയും കാര്‍ത്തിയുടേയും ചിത്രങ്ങള്‍ റീ റിലീസിന് തയ്യാറെടുക്കുകയാണ്.
ലിങ്കുസ്വാമി തിരക്കഥയൊരുക്കി സംവിധാനം ചെയ്ത ‘പയ്യ’ ആണ് തമിഴ്‌നാട്ടില്‍ ഉടന്‍ റീ റിലീസ് ചെയ്യുന്ന ചിത്രങ്ങളിലൊന്ന്. 2010 ഏപ്രില്‍ രണ്ടിന് റിലീസ് ചെയ്ത ചിത്രം കഴിഞ്ഞ ദിവസമാണ് 14-വര്‍ഷം പൂര്‍ത്തിയാക്കിയത്.
കാര്‍ത്തിയും തമന്നയും മിലിന്ദ് സോമനുമായിരുന്നു ചിത്രത്തില്‍ മുഖ്യവേഷങ്ങളില്‍. കാര്‍ത്തിയെ സൂപ്പര്‍താര പദവിയിലേക്കുയര്‍ത്തിയ ചിത്രം കേരളത്തിലും പ്രദര്‍ശനവിജയം നേടിയിരുന്നു. മികച്ച ഗാനങ്ങളും സംഘട്ടനരംഗങ്ങളും പ്രേക്ഷകരെ ചിത്രത്തിലേക്കടുപ്പിച്ചു.