വളർത്തുനായയ്ക്ക് ജാതിപ്പേരിട്ട ഐശ്വര്യ മേനോനും, ആ പ്രവൃത്തിയെ ട്രോളുകൾ കൊണ്ട് നേരിട്ട സോഷ്യൽ മീഡിയ പേജുകളുമാണ് ഇപ്പോൾ ചർച്ചകളിൽ ഇടം പിടിച്ചിരിക്കുന്നത്. സ്വന്തം പേരിന് പിറകിലെ ജാതി വാൽ വെട്ടാത്ത ഐശ്വര്യ മേനോൻ കഴിഞ്ഞ ദിവസമാണ് വളർത്തുനായയ്‌ക്കൊപ്പമുള്ള ചിത്രം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. ‘എന്റെ മകൾ കോഫിമേനോനെ താലോലിക്കുന്നതാണ് എന്റെ തെറാപ്പി’ എന്നാണ് താരം ചിത്രത്തിന് നൽകിയ ക്യാപ്ഷൻ. ഇതോടെ വലിയ രീതിയിലാണ് ചിത്രം വൈറലായത്.
നിരവധി കമന്റുകളാണ് സോഷ്യൽ മീഡിയയിൽ ചിത്രത്തിന് താഴെ വന്നുകൊണ്ടിരിക്കുന്നത്. വളർത്തു നായയുടെ പേരിന് കൂടെ ജാതിപ്പേര് ഇട്ടതിലുള്ള പ്രതിഷേധമാണ് പലരും രേഖപ്പെടുത്തുന്നത്. സ്വന്തം പേരിന് പിറകെയുള്ള വാല് നീണ്ടാണോ പട്ടിക്ക് വാല് മുളച്ചതെന്നും, ജാതി വാലുള്ള മനുഷ്യരെക്കൊണ്ടോ നടക്കാൻ വയ്യ അപ്പോഴാണ് ഇനി പട്ടികൾ എന്നും പലരും ചിത്രത്തിന് താഴെ കമന്റായി പലരും രേഖപെടുത്തുന്നു.
ജാതി ചിന്ത എത്രത്തോളം മനുഷ്യൻ്റെ ഹൃദയത്തിൽ ആഴ്ന്നുകിടക്കുന്നു എന്നതിന്റെ അടയാളമാണ് ഈ സംഭവമെന്ന് വിലയിരുത്തുന്നവരും ഉണ്ട്. സ്വന്തം പേരിന് പിറകിലെ ജാതിവാൽ മുറിച്ചു കളയാത്ത ഐശ്വര്യ പട്ടിക്ക് ഇങ്ങനെ പേരിട്ടതിൽ അത്ഭുതം ഇല്ലെന്നും പലരും അഭിപ്രായപ്പെടുന്നു.