പത്തനംതിട്ടയില്‍ പോളിംഗ് ഉദ്യോഗസ്ഥരുടെ പട്ടിക ചോര്‍ന്ന സംഭവത്തില്‍ താലൂക്ക് ഓഫീസ് ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്ത് വരണാധികാരി. കോന്നി താലൂക്ക് ഓഫീസിലെ ക്ലാര്‍ക്ക് യദുകൃഷ്ണനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പട്ടിക പുറത്തായതില്‍ യുഡിഎഫ് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു.
തിരഞ്ഞെടുപ്പിന് രണ്ട് ദിവസം മുന്നേ പോളിങ്ങ് ഉദ്യോഗസ്ഥരുടെ പോളിംഗ് സ്റ്റേഷന്‍, മറ്റ് വിശദാംശങ്ങള്‍ എന്നിവ അടങ്ങുന്ന ഔദ്യോഗിക പട്ടിക ചോര്‍ന്നതായി കാണിച്ച് യു ഡി എഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണി കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പട്ടികയുടെ വിശദാംശങ്ങള്‍ സി പി ഐ എം പ്രവര്‍ത്തകര്‍ക്ക് പറഞ്ഞുകൊടുത്ത് കള്ള വോട്ടിനുള്ള സജ്ജീകരണങ്ങളാണ് നടത്തിയതെന്നാണ് യു ഡി എഫ് പരാതി.
കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ആന്റോ ആന്റണി കളക്ടര്‍ ഓഫീസിനു മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി. പിന്നാലെ പരാതിയുടെ അടിസ്ഥാനത്തില്‍ കോന്നി താലൂക്ക് ഓഫീസിലെ ക്ലര്‍ക്ക് യദു കൃഷ്ണനെ സസ്‌പെന്‍ഡ് ചെയ്തതായി ജില്ലാ കളക്ടര്‍ പ്രേം കൃഷ്ണന്‍ അറിയിച്ചു. അതിനിടെ പട്ടിക ചോര്‍ന്നതിന് പിന്നില്‍ സി പി ഐ എം ആണെന്ന് ആന്റോ ആന്റണി ആവര്‍ത്തിച്ചു. പട്ടിക ചോര്‍ന്നതിനാല്‍ ഉദ്യോഗസ്ഥരെ ജില്ലാ കളക്ടര്‍ പുനര്‍വിന്യസിക്കുകയും ചെയ്തിട്ടുണ്ട്.