ഹരിയാനയിലെ നൂഹിനടുത്തുള്ള കുണ്ടലി-മനേസര്‍-പല്‍വാല്‍ എക്സ്പ്രസ്വേയില്‍ ബസിന് തീപിടിച്ച് തീര്‍ഥാടനത്തിന് പോയ എട്ടു പേര്‍ക്ക് ദാരുണാന്ത്യം. നരിവധിപ്പേര്‍ക്ക് പൊള്ളലേറ്റു. ഇന്ന് പുലര്‍ച്ചെയോടെയാണ് സംഭവം നടന്നത്. ഉത്തര്‍പ്രദേശിലെ മഥുര, വൃന്ദാവന്‍ എന്നിവിടങ്ങളില്‍നിന്ന് തീര്‍ഥയാത്ര കഴിഞ്ഞുവരുകയായിരുന്ന സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ നൂഹ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
ബസില്‍ അറുപതോളം യാത്രക്കാരുണ്ടായിരുന്നതായാണ് വിവരം. ഇവരെല്ലാം പഞ്ചാബിലെ ഒരു കുടുംബത്തില്‍പ്പെട്ടവരാണ്. 10 ദിവസത്തെ തീര്‍ഥാടനയാത്രയ്ക്ക് പോയതായിരുന്നു ഇവര്‍. ബസില്‍നിന്ന് പുകമണം ഉയര്‍ന്നതായി അപകടത്തില്‍നിന്ന് രക്ഷപ്പെട്ടവര്‍ പറഞ്ഞു. ബസില്‍നിന്ന് തീ ഉയരുന്നത് കണ്ട മോട്ടര്‍ സൈക്കിള്‍ യാത്രികന്‍ ബസിനെ പിന്തുടര്‍ന്ന് ഡ്രൈവറെ വിവരമറിയിച്ചിരുന്നു. ഡ്രൈവര്‍ ബസ് നിര്‍ത്തിയെങ്കിലും പെട്ടെന്ന് തീ പടരുകയായിരുന്നു.