മലയാളികള്‍ മനസറിഞ്ഞ് വിളിച്ച ജനനായകന്‍് ഇ കെ നായനാര്‍ ചരിത്രത്തിലേക്ക് മടങ്ങിയിട്ട് ഇന്നേക്ക് 20 വര്‍ഷം. നര്‍മ്മം നിറഞ്ഞ സ്വതസിദ്ധ ശൈലിയിലൂടെ ജനമനസുകളില്‍ ഇടം നേടിയ നേതാവ്. ജീവിതത്തിന്റെ നാനാ തുറയിലും പെട്ട മലയാളികള്‍ അകമഴിഞ്ഞ് സ്‌നേഹിച്ച സഖാവ്. കുറിക്ക് കൊളളുന്ന വിമര്‍ശനവും നര്‍മ്മത്തില്‍ ചാലിച്ച സംഭാഷണവുമാണ് മലയാളികള്‍ക്ക് ഇകെ നായനാര്‍.
1919 ഡിസംബര്‍ 9 ന് കണ്ണൂര്‍ കല്യാശ്ശേരി മൊറാഴയില്‍ ഗോവിന്ദന്‍ നമ്പ്യാരുടെയും ഏറമ്പാല നാരായണിയമ്മയുടെയും മൂന്ന് മക്കളില്‍ രണ്ടാമനായാണ് ഏറമ്പാല കൃഷ്ണന്‍ നായനാര്‍ എന്ന ഇ കെ നായനാരുടെ ജനനം. ചെറുപ്പത്തില്‍ തന്നെ സ്വാതന്ത്ര്യ സമരത്തിലും വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലും സജീവമായി. പിന്നീട് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മുന്‍ നിര നേതാവും കേരളം കണ്ട മികച്ച ഭരണാധികാരിയുമായി.
മൊറാഴ, കയ്യൂര്‍ സമരങ്ങളോടെയാണ് ഇകെ നായനാര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വ നിരയിലേക്ക് ഉയര്‍ന്നുവന്നത്. 1940ല്‍ ആറോണ്‍ മില്‍ സമരത്തെ തുടര്‍ന്ന് ആദ്യ ജയില്‍വാസം. 1941ല്‍ നടന്ന ചരിത്ര പ്രസിദ്ധമായ കയ്യൂര്‍ സമരത്തില്‍ മൂന്നാം പ്രതിയായിരുന്നു. ഒളിവ് കാലത്ത് കേരള കൗമുദിയിലും സ്വാതന്ത്ര്യാനന്തരം ദേശാഭിമാനിയിലും പത്രപ്രവര്‍ത്തകനായിരുന്നു. ഇന്ത്യ ചൈന യുദ്ധകാലത്ത് ചൈനീസ് ചാരനെന്ന് കുറ്റം ചുമത്തി വീണ്ടും ജയില്‍ വാസമനുഭവിച്ചു.
1967 ല്‍ പാലക്കാട് ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് പാര്‍ലമെന്ററി രംഗത്തേക്കെന്നു. 1972 ല്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയായി. 1992 ല്‍ പൊളിറ്റ് ബ്യൂറോ അംഗവുമായി .കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രി പദത്തില്‍ ഇരുന്ന വ്യക്തിയും നായനാര്‍ തന്നെ. പ്രതിപക്ഷ നേതാവായും സഭയിലെത്തി. ആത്മകഥയടക്കം നിരവധി പുസ്തകങ്ങളും അദ്ദേഹം രചിച്ചു.
2004 മെയ് 19ന് നായനാര്‍ അന്തരിച്ചപ്പോള്‍ കേരളമാകെ കണ്ണീര്‍ വാര്‍ത്തു. അന്നോളമാരും കണ്ടിട്ടില്ലാത്ത യാത്രാമൊഴിയാണ് മലയാളികള്‍ അദ്ദേഹത്തിന് നല്‍കിയത്. തിരുവനന്തപുരത്ത് നിന്നും കണ്ണൂരേക്ക് മൃതദേഹവും വഹിച്ചുളള വിലാപയാത്ര കാണാന്‍ വെയിലും മഴയും അവഗണിച്ച് അവര്‍ കാത്തുനിന്നു. മെയ് 21 ന് പയ്യാമ്പലത്ത് അദ്ദേഹത്തിന്റെ ചിത എരിഞ്ഞടങ്ങും വരെ കേരളം ഒന്നടങ്കം കണ്ണീരണിഞ്ഞു. കണ്ണീരോടെ അവര്‍ വിളിച്ചു പറഞ്ഞു, സഖാവ് നായനാര്‍ മരിക്കുന്നില്ല… ജീവിക്കുന്നു ഞങ്ങളിലൂടെ…