സാമൂഹ്യക്ഷേമ പെന്‍ഷന്‍ കുടിശിക അതിവേഗം കൊടുത്തുതീര്‍ക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ, പെന്‍ഷന്‍കാരുടെ കുടിശികകളും വേഗത്തില്‍ കൊടുത്തുതീര്‍ക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2016ലെ സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ 600 രൂപയായിരുന്ന സാമൂഹ്യക്ഷേമ പെന്‍ഷന്‍ ഇപ്പോള്‍ അത് 1600 രൂപയാക്കി എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ക്ഷേമ പെന്‍ഷന്‍ വിതരണത്തിനു പ്രത്യേക സംവിധാനം സര്‍ക്കാര്‍ സൃഷ്ടിച്ചു. പക്ഷേ, ഒരു കാര്യവും കേരളത്തില്‍ കൃത്യമായി നടക്കാന്‍ പാടില്ലെന്നു നിര്‍ബന്ധമുള്ളവര്‍ ആ പ്രത്യേക സംവിധാനത്തെയും ലക്ഷ്യമിട്ടു. അതിനായി രൂപീകരിച്ച കമ്പനി എടുക്കുന്ന വായ്പകള്‍ സര്‍ക്കാര്‍ കൃത്യമായി തിരിച്ചടക്കുന്നതാണെങ്കിലും സര്‍ക്കാരിന്റെ കടമെടുപ്പില്‍പ്പെടുത്തുകയും അതിലൂടെ അവകാശപ്പെട്ട കടമെടുപ്പു പരിധിയില്‍ കുറവുവരുത്തുകയും ചെയ്തു. ഇതുമൂലം കുറച്ചു മാസം കൃത്യമായി പെന്‍ഷന്‍ കൊടുക്കാന്‍ കഴിയാതിരുന്ന സാഹചര്യമുണ്ടായി. ഇപ്പോള്‍ ഓരോ മാസവും ക്ഷേമ പെന്‍ഷന്‍ കൃത്യമായി നല്‍കുന്നുണ്ട്. അതു മുടക്കാമെന്ന ധാരണ ആര്‍ക്കും വേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.