പത്തുവയസ്സുകാരി ശബരിമല ദര്‍ശത്തിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി ഹൈക്കോടതി തളളി. ശബരിമല സ്ത്രീ പ്രവേശനം സുപ്രീംകോടതി വിശാലബെഞ്ചിന്റെ പരിഗണനയിലുള്ള കാര്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി കോടതി തള്ളിയത്. ബെംഗളൂരു നോര്‍ത്ത് സ്വദേശി സമര്‍പ്പിച്ച ഹര്‍ജി, ജസ്റ്റിസുമാരായ അനില്‍ കെ. നരേന്ദ്രന്, വി.ഹരിശങ്കര്‍ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് പരിഗണിച്ചത്.
തനിക്ക് ആര്‍ത്തവം ആരംഭിച്ചില്ലെന്നും അതിനാല്‍ പ്രായപരിധി പരിഗണിക്കാതെ മണ്ഡലപൂജ, മകരവിളക്ക് കാലത്ത് ശബരിമല ദര്‍ശനം നടത്താന്‍ അനുമതി നല്‍കണമെന്നുമായിരുന്നു പെണ്‍കുട്ടിയുടെ ആവശ്യം. മണ്ഡലകാലം കഴിഞ്ഞതിനാല്‍ മാസപൂജ സമയത്ത് തീര്‍ഥാടനത്തിന് അനുമതി നല്കാന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോട് നിര്‍ദേശിക്കണമെന്ന് ഹര്‍ജിക്കാരി പിന്നീട് കോടതിയില്‍ ആവശ്യപ്പെട്ടു.
’10 വയസ്സിനു മുന്‍പ് ശബരിമലയില്‍ എത്താനായിരുന്നു ഉദ്ദേശിച്ചത്. എന്നാല്‍, കോവിഡും തുടര്‍ന്നുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടും പിതാവിന്റെ അനാരോഗ്യവും കാരണം തീര്‍ഥാടനം കൈുകയായിരുന്നെന്ന് ഹര്‍ജിക്കാര്‍ കോടതിയില്‍ പറഞ്ഞു. തീര്‍ഥാടനത്തിനായി 2023 നവംബര്‍ 22-ന് പിതാവ് ഓണ്‍ലൈനിലൂടെ അപേക്ഷിച്ചിരുന്നു. എന്നാല്‍, ഉയര്‍ന്ന പ്രായപരിധി കഴിഞ്ഞെന്ന് ചൂണ്ടികാട്ടി അപേക്ഷ നിരസിച്ചു. ആര്‍ത്തവം ആരംഭിക്കാത്തതിനാല്‍ ആചാരങ്ങള്‍ പാലിച്ച് മലകയറാന്‍ കഴിയും’, ഹര്‍ജിക്കാരി കോടതിയില്‍ വാദിച്ചു. എന്നാല്‍, 10 മുതല്‍ 50 വയസ്സുവരെയുള്ള സ്ത്രീകള്‍ക്ക് ശബരിമല ക്ഷേത്രദര്‍ശനം പാടില്ലെന്ന ദേവസ്വം ബോര്‍ഡ് നിലപാടില്‍ ഇടപെടാനാകില്ലെന്ന് കോടതി വ്യക്തമാക്കി. 2023 നവംബര്‍ 27-ന് ഫയല്‍ചെയ്ത ഹര്‍ജിയില്‍ 2024 ഏപ്രില്‍ എട്ടിന് കോടതി വാദം കേട്ടിരുന്നു.