25 December 2024

കുവൈത്ത് ദുരന്തത്തില്‍ കോട്ടയത്തിന്റെ കണ്ണീരോര്‍മ്മയായിരിക്കുകയാണ് പാമ്പാടി സ്വദേശി സ്റ്റെഫിന്‍ എബ്രഹാം സാബുവും, ചങ്ങനാശ്ശേരി സ്വദേശി ശ്രീഹരി പ്രദീപും, പായിപ്പാട് സ്വദേശി ഷിബു വര്‍ഗീസും. അടുത്തമാസം നാട്ടിലെത്തി പുതിയ വീട്ടിലേക്ക് താമസം മാറാന്‍ ഇരിക്കെയാണ് സ്റ്റെഫിന് ദാരുണാന്ത്യം സംഭവിച്ചത്. വിദേശത്ത് ജോലിക്ക് എത്തി ആദ്യത്തെ ശമ്പളം പോലും വാങ്ങുന്നതിന് മുമ്പ് ശ്രീഹരിയും ഓര്‍മ്മയായി. നാട്ടിലേക്ക് മടങ്ങാന്‍ ഒരുങ്ങുന്നിതിനിടയിലാണ് ഷിബുവിന്റെ വിയോഗം ഉണ്ടായത്.

പ്രവാസത്തിലേക്ക് കടന്നു ജീവിതം പച്ചപിടിച്ചു തുടങ്ങും മുമ്പേ ജീവന്‍ നഷ്ടപ്പെട്ടു സ്റ്റെഫിനും ശ്രീഹരിക്കും ഷിബുവിനും. അപ്രതീക്ഷിതമായി ഉണ്ടായ ദുരന്തത്തിന്റെ തീകനലില്‍ എരിഞ്ഞമര്‍ന്നത് മൂന്ന് കുടുംബങ്ങളുടെ പ്രതീക്ഷകള്‍ കൂടിയാണ്. ആറു കൊല്ലം മുമ്പാണ് സ്റ്റെഫിന്‍ എബ്രഹാം സാബു കുവൈറ്റിലേക്ക് ജോലിക്ക് പോയത്. ഇക്കാലമത്രയും ജോലിചെയ്ത് സമ്പാദിച്ചു കൂട്ടിയ പണം കൊണ്ട് പാമ്പാടിയില്‍ ഒരു വീടിന്റെ നിര്‍മ്മാണം തുടങ്ങി. ഒരുമാസം മാത്രം മതി ഇനി പണികള്‍ തീരാന്‍. വാടകവീട്ടില്‍ നിന്ന് സ്വന്തം വീട്ടിലേക്ക് പോകുന്ന ആവേശമായിരുന്നു സ്റ്റെഫിനും കുടുംബത്തിനും. അര്‍ബുദ രോഗിയായ അച്ഛന്‍ സാബുവിന്റെ കൈപിടിച്ച് പുത്തന്‍ വീട്ടിലേക്ക് താമസം മാറാണം എന്നതായിരുന്നു സ്റ്റെഫിന്റെ സ്വപ്നം. ആറുമാസം മുമ്പ് നാട്ടിലെത്തി വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിന്റെ സന്തോഷം പങ്കുവെച്ചാണ് കുവൈറ്റിലേക്ക് മടങ്ങിയത്. പക്ഷേ പറഞ്ഞതിലും നേരത്തെ ഈ വീട്ടിലേക്ക് എത്തുന്നത് സ്റ്റെഫിന്റെ ചേതനയറ്റ ശരീരമാകും.

ചങ്ങനാശ്ശേരി ഇത്തിത്താനം സ്വദേശിയായ ശ്രീഹരി പ്രദീപ് എട്ടു ദിവസം മുമ്പാണ് കുവൈറ്റില്‍ ജോലിക്ക് പോയത്. ജോലിയില്‍ പ്രവേശിച്ച് ദിവസങ്ങള്‍ക്കകം തന്നെ ശ്രീഹരിയ്ക്ക് ജീവന്‍ നഷ്ടമായി. ആദ്യ മാസത്തെ ശമ്പളം വാങ്ങാന്‍ പോലും കാത്തു നില്‍ക്കാതെയാണ് ശ്രീഹരിയുടെ മടക്കം. മകനെ യാത്രയാക്കിയ ആ ദിവസം അമ്മ ദീപയുടെ മനസില്‍ നിന്ന് മാഞ്ഞിട്ടില്ല. ആദ്യ ശമ്പളം കൊണ്ട് മകന്‍ വാങ്ങുന്ന സമ്മാനവും കാത്തിരിക്കുന്ന അമ്മയ്ക്ക് മുന്നിലേക്കാണ് 27 കാരന്റെ ചേതനയറ്റ ശരീരം എത്തുക. മെക്കാനിക്കല്‍ എന്‍ജിനീയറായ ശ്രീഹരിയും അക്കാദമിതലത്തില്‍ മികച്ച നിലവാരം പുലര്‍ത്തിയിരുന്നു.

പായിപ്പാട് സ്വദേശി ഷിബു വര്‍ഗീസ് നാട്ടുകാര്‍ക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്നു. ഭാര്യ റിയയോടും നാല് വയസുകാരന്‍ മകന്‍ എയിഡനോട് ഉടന്‍ നാട്ടിലെത്തുമെന്ന് ഷിബു പറഞ്ഞത് കഴിഞ്ഞ ദിവസമാണ്. ആ കുടുംബത്തിന്റെയും കാത്തിരിപ്പ് അവസാനിക്കുകയാണ്. മൂന്ന് പേരുടേയും മൃതദേഹങ്ങള്‍ അതിവേഗത്തില്‍ എത്തിക്കാനുള്ള നടപടികള്‍ തേടുകയാണ് ബന്ധുക്കളും നാട്ടുകാരും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!