25 December 2024

കുവൈത്തിലെ തീപിടിത്തത്തില്‍ മരിച്ച 23 മലയാളികളുടെ മൃതദേഹം ഇന്ന് കൊച്ചിയില്‍ എത്തിക്കും. രാവിലെ എട്ടരയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് മൃതദേഹങ്ങള്‍ എത്തിക്കുക. ഇന്ത്യന്‍ വ്യോമസേനയുടെ C-130J സൂപ്പര്‍ ഹെര്‍ക്കുലീസ് ട്രാന്‍സ്‌പോര്‍ട്ട് എയര്‍ക്രാഫ്റ്റിലാണ് മൃതദേഹങ്ങള്‍ കൊണ്ട് വരുന്നത്. തമിഴ്‌നാട്, കര്‍ണാടക സ്വദേശികളുടെയും മൃതദേഹങ്ങള്‍ കൊച്ചിയിലേക്കാണ് കൊണ്ട് വരുന്നത്.

മൃതദേഹങ്ങള്‍ വീടുകളിലേക്ക് എത്തിക്കുന്നതിനായി 23 ആംബുലന്‍സുകളും സജ്ജീകരിച്ചിട്ടുണ്ട്. ഓരോ ആംബുലസുകള്‍ക്കും പോലീസിന്റെ അകമ്പടിയോടെയാണ് അവരുടെ വീടുകളിലേക്ക് കൊണ്ടുപോകുക.

സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും മൃതദേഹം ഏറ്റുവാങ്ങാന്‍ വിമാനത്താവളത്തിലെത്തും. മന്ത്രിമാരായ പി രാജീവ്, കെ രാജന്‍, റോഷി അഗസ്റ്റിന്‍ എന്നിവര്‍ എയര്‍പോര്‍ട്ടിലെത്തി. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും നെടുമ്പാശേരിയിലെത്തും.

കൊല്ലപ്പട്ടവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് ഒരുലക്ഷം രൂപ വീതവും നല്‍കുമെന്ന് കേരള സര്‍ക്കാര്‍ ഇതിനോടകം തന്നെ പ്രഖ്യാപിച്ചിരുന്നു.

തഞ്ചാവൂര്‍ സ്വദേശി ഭുനാഫ് റിച്ചാര്‍ഡ്, കൊല്ലം പുനലൂര്‍ സ്വദേശി സാജന്‍ ജോര്‍ജ്, പന്തളം സ്വദേശി ആകാശ് ശശിധരന്‍ നായര്‍, കോന്നി അട്ടച്ചാക്കല്‍ സ്വദേശി സജു വര്‍ഗീസ്, കോട്ടയം പാമ്പാടി സ്വദേശി സ്റ്റെഫിന്‍ എബ്രഹാം സാബു,വയ്യാങ്കര സ്വദേശി ഷമീര്‍, വെളിച്ചിക്കാല സ്വദേശി ലൂക്കോസ്, പത്തനംതിട്ട വാഴമുട്ടം സ്വദേശി മുരളീധരന്‍ എന്നിവരടക്കമുള്ള മലയാളികളുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്.

അതേസമയം ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ കുവൈത്ത് യാത്ര കേന്ദ്ര സര്‍ക്കാര്‍ നിഷേധിച്ചു. പൊളിറ്റിക്കല്‍ ക്ലിയറന്‍സ് കിട്ടാത്തതിനാലാണ് യാത്ര ഉപേക്ഷിച്ചതെന്ന് മന്ത്രി വീണാ ജോര്‍ജ് കൊച്ചി വിമാനത്താവളത്തില്‍ വെച്ച് മാധ്യമങ്ങളോട് പറഞ്ഞു. അനുമതി കിട്ടാത്തതിനാല്‍ അവസാന നിമിഷം മന്ത്രി കൊച്ചി വിമാനത്താവളത്തില്‍ തുടരുകയായിരുന്നു. എന്നാല്‍ അനുമതി നിഷേധിച്ചതോടെ മന്ത്രി തിരികെ മടങ്ങി.

യാത്രക്ക് പൊളിറ്റിക്കല്‍ ക്ലിയറന്‍സ് കിട്ടിയില്ലെന്നും കേന്ദ്ര നിലപാട് നിര്‍ഭാഗ്യകരമെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. വിദേശകാര്യ മന്ത്രാലയം യാത്ര അനുമതി നല്‍കിയില്ല. രാവിലെ തന്നെ അനുമതിക്കായി കേന്ദ്രത്തെ സമീപിച്ചിരുന്നു. അവസാന നിമിഷം വരെ കാത്തിരുന്നിട്ടും അനുവാദം കിട്ടിയില്ല. ദുരന്തത്തിന്റെയും കണ്ണീരിന്റെയും മുന്നില്‍ കേന്ദ്രം സ്വീകരിച്ചത് തെറ്റായ നടപടിയാണ്. എന്തൊക്കെ വന്നാലും ദുരന്തബാധിത കുടുംബങ്ങളെ സംസ്ഥാന സര്‍ക്കാര്‍ ചേര്‍ത്തുപിടിക്കുമെന്നും വീണാ ജോര്‍ജ് പറഞ്ഞു.

തീപിടിത്തത്തില്‍ കൊല്ലപ്പെട്ട 45 ഇന്ത്യക്കാരുടെയും മൂന്ന് ഫിലിപ്പീന്‍സ് പൗരന്മാരുടെയും മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞതായി കുവൈത്ത് അറിയിച്ചു.

കുവൈത്തിലെ തെക്കന്‍ നഗരമായ മംഗഫില്‍ 196 കുടിയേറ്റ തൊഴിലാളികള്‍ താമസിച്ചിരുന്ന ഏഴ് നില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ 49 വിദേശ തൊഴിലാളികള്‍ കൊല്ലപ്പെടുകയും 50 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 48 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അതില്‍ 45 ഇന്ത്യക്കാരും മൂന്ന് ഫിലിപ്പിനോ പൗരന്മാരും ആണെന്നും ഇംഗ്ലിഷ് ഭാഷാ ദിനപത്രമായ ഫസ്റ്റ്‌നോട് ഡെപ്യൂട്ടി പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അല്‍ യൂസുഫ് അല്‍ സബാഹ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!