ഇന്ത്യന്‍ വനിതാ ഫുട്ബോള്‍ താരങ്ങളായ ജ്യോതി ചൗഹാന്, എംകെ കാഷ്മിന, കിരണ്‍ പിസ്ത എന്നിവര്‍ക്ക് ചരിത്ര നേട്ടം. യൂറോപ്യന്‍ ടീമില്‍ കളിച്ച് നേരത്തെ ചരിത്രമെഴുതിയ മൂവരും കിരീട നേട്ടത്തിലും പങ്കാളികളായാണ് പുതിയ നേട്ടത്തിലെത്തിയത്. മൂന്ന് താരങ്ങളും ക്രൊയേഷ്യന്‍ ടീമായ ഡൈനമോ സാഗ്രെബ് വനിതാ ടീം അംഗങ്ങളാണ്.
ക്രൊയേഷ്യന്‍ വനിതാ കപ്പ് കിരീടം സ്വന്തമാക്കിയാണ് മൂവരും പുതു ചരിത്രം എഴുതിയത്. നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരങ്ങളായി മൂവരും മാറി.
ക്ലബിന്റെ കന്നി കിരീട നേട്ടമാണിത്. മൂന്ന് ഇന്ത്യന്‍ താരങ്ങളും നേട്ടത്തില്‍ പങ്കാളിയായി എന്നതും ഇരട്ടി മധുരം അവര്‍ക്ക് സമ്മാനിച്ചു.
ഫൈനലില്‍, ഏറ്റവും കൂടുതല്‍ തവണ കപ്പുയര്‍ത്തിയ സെഡ് ഒസിയെക് ടീമിനെയാണ് സാഗ്രെബ് വീഴ്ത്തിയത്. നേരത്തെ 19 തവണയാണ് അവര്‍ ചാമ്പ്യന്മാരായത്. നിശ്ചിത സമയത്ത് മത്സരം 1-1നു സമനിലയില്‍ അവസാനിച്ചിരുന്നു. പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് കിരീടം നിര്‍ണയിക്കപ്പെട്ടത്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ സാഗ്രെബ് 5-4നു മത്സരം വിജയിച്ചു.
2022- 23 സീസണില്‍ സാഗ്രെബിനായി ചരിത്രത്തില്‍ ആദ്യമായി പന്ത് തട്ടിയ ഇന്ത്യന്‍ വനിതാ താരം സൗമ്യ ഗുഗുലോതായിരുന്നു. പിന്നാലെയാണ് ജ്യോതി ചൗഹാന് ടീമിലെത്തിയത്. താരം 2022 മുതല്‍ ടീമിലുണ്ട്. സൗമ്യ ഒറ്റ സീസണ് മാത്രമാണ് കളിച്ചത്.
കഴിഞ്ഞ വര്‍ഷമാണ് കാഷ്മിനയും കിരണും ടീമിലെത്തുന്നത്. നിലവില്‍ നാല് വിദേശ താരങ്ങളില്‍ മൂന്ന് പേരും ഇന്ത്യക്കാരികളാണ്. ലിത്വാനിയയുടെ പൗലിന സര്കനൈതാണ് മറ്റൊരു വിദേശ താരം.