24 December 2024

കൊച്ചി: കുണ്ടറ ആലീസ് വധക്കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതി ഗിരീഷ് കുമാറിനെ ഹൈക്കോടതി കുറ്റവിമുക്തനാക്കി. പ്രോസിക്യൂഷന് യാതൊരു തെളിവുകളും ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി ഗിരീഷ് കുമാറിന്റെ വധശിക്ഷ റദ്ദാക്കി വെറുതെവിട്ടത്.

കേസില്‍ പ്രതി ചേര്‍ത്ത ഗിരീഷ് കുമാറിന് അഞ്ച് ലക്ഷം രൂപ പലിശ അടക്കം ചേര്‍ത്തുകൊണ്ട് നഷ്ടപരിഹാരം നല്‍കാനും ഹൈക്കോടതി ഉത്തരവിട്ടു. വധശിക്ഷ വിധിക്കുന്നതിന് വിചാരണക്കോടതി ആശ്രയിച്ച പ്രധാന സാക്ഷിയുടെ മൊഴി വിശ്വസനീയമല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

പത്തുവര്‍ഷത്തിലധികമാണ് ഗിരീഷ് കുമാര്‍ ജയിലില്‍ കഴിഞ്ഞത്. 2013ലാണ് മോഷണ ശ്രമത്തിനിടെ കുണ്ടറ മുളവന കോട്ടപ്പുറം എ വി സദനില്‍ വര്‍ഗീസിന്റെ ഭാര്യ ആലീസ് വര്‍ഗീസ്(57 കൊല്ലപ്പെടുന്നത്.

തുടര്‍ന്ന് പാരിപ്പള്ളി കോലായില്‍ പുത്തന്‍വീട്ടില്‍ ഗിരീഷ് കുമാര്‍ പിടിയിലായി. വീട്ടില്‍ തനിച്ച് താമസിച്ചിരുന്ന ആലീസിനെ പീഡിപ്പിച്ച് കൊലപ്പെടുത്തുകയും വീട്ടില്‍ കവര്‍ച്ച നടത്തുകയും ചെയ്തെന്നായിരുന്നു കേസ്.

10 വര്‍ഷത്തിലേറെയായി ഗിരീഷ് ഈ കേസില്‍ ജയില്‍വാസം അനുഭവിക്കുകയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. 2018ല്‍ വധശിക്ഷയ്ക്ക് വിധിച്ചതുമുതല്‍ അതിന്റെ ആശങ്കയിലുമാണ് കഴിയുന്നത്. ഈ കേസില്‍ ഗിരീഷിനെ പ്രതി ചേര്‍ക്കാന്‍ പോലുമുള്ള തെളിവുകള്‍ ഇല്ലെന്നിരിക്കെ, കുറ്റവിമുക്തനാക്കുന്നതുകൊണ്ടു മാത്രം നീതി ലഭിക്കുമെന്ന് തങ്ങളുടെ മനഃസാക്ഷിക്ക് തോന്നുന്നില്ലെന്നും കോടതി പറഞ്ഞു.

ഇത്രകാലം ജയിലില്‍ കിടന്ന്, അതും കൂടുതല്‍ കാലം വധശിക്ഷയുടെ നിഴലില്‍, ഒടുവില്‍ നിഷ്‌കളങ്കനെന്ന് കണ്ടെത്തി കുറ്റവിമുക്തനാക്കപ്പെടുന്നു എന്ന വസ്തുതയോട് നമുക്ക് കണ്ണടയ്ക്കാന്‍ സാധിക്കുമോ? ഇത്തരത്തിലുള്ള തെറ്റായ അന്വേഷണങ്ങളും കെട്ടിച്ചമച്ച തെളിവുകളും ഒരാളെ വധശിക്ഷയിലേക്കു വരെ എത്തിക്കുമ്പോള്‍, പൊതുസമൂഹത്തിന് ഈ നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം നഷ്ടപ്പെടും.

മാത്രമല്ല, ഈ റിപ്പബ്ലിക് നിലനില്‍ക്കുന്ന നിയമവ്യവസ്ഥയുടെ കടയ്ക്കല്‍ തന്നെ പ്രഹരമേല്‍ക്കുകയും ചെയ്യും.അതുകൊണ്ട് ഗിരീഷിനെ വിട്ടയയ്ക്കുന്നു എന്നു മാത്രമല്ല, നഷ്ടപരിഹാരത്തിനും അര്‍ഹതയുണ്ടെന്ന് കോടതി വ്യക്തമാക്കി. നമ്പി നാരായണന്‍ കേസ് ഉള്‍പ്പെടെ ഉദ്ധരിച്ചു കൊണ്ട് പ്രതിക്ക് 5 ലക്ഷം രൂപ മൂന്നു മാസത്തിനകം നഷ്ടപരിഹാരം നല്‍കണമെന്നും വൈകുന്നതിന് അനുസരിച്ച് വര്‍ഷം 9 ശതമാനം പലിശ കൂടി നല്‍കണമെന്നും കോടതി വിധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!