24 December 2024

ഡ്യൂട്ടിക്കിടെ മരിച്ച അഗ്‌നിവീര്‍ അജയ് കുമാറിന്റെ കുടുംബത്തിന 98 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കിയതായി ഇന്ത്യന്‍ സൈന്യം അറിയിച്ചു. അജയ് കുമാറിന്റെ കുടുംബത്തിന് സര്‍ക്കാരില്‍ നിന്ന് നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സോഷ്യല്‍ മീഡിയ പോസ്റ്റില്‍ അവകാശപ്പെട്ടതിന് പിന്നാലെയാണ് സൈന്യത്തിന്റെ പ്രസ്താവന.

‘ജോലിക്കിടെ ജീവന്‍ നഷ്ടപ്പെട്ട അഗ്‌നിവീര്‍ അജയ് കുമാറിന്റെ അടുത്ത ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കിയിട്ടില്ലെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ചില പോസ്റ്റുകള്‍ വന്നിരുന്നു. മൊത്തം തുകയില്‍ 98.39 ലക്ഷം രൂപ അഗ്‌നിവീര്‍ അജയ്യുടെ കുടുംബത്തിന് ഇതിനകം തന്നെ നല്‍കിയിട്ടുണ്ട്,’ സൈന്യത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.

‘അഗ്‌നിവീര്‍ സ്‌കീമിലെ വ്യവസ്ഥകള്‍ പ്രകാരം ബാധകമായ ഏകദേശം 67 ലക്ഷം രൂപയുടെ എക്‌സ്-ഗ്രേഷ്യയും മറ്റ് ആനുകൂല്യങ്ങളും, പോലീസ് പരിശോധനയ്ക്ക് ശേഷം ഉടന്‍ തന്നെ അന്തിമ അക്കൗണ്ട് സെറ്റില്‍മെന്റില്‍ നല്‍കും. ആകെ തുക ഏകദേശം 1.65 കോടി രൂപ വരും,’ പ്രസ്താവനയില്‍ സൈന്യം
കൂട്ടിച്ചേര്‍ത്തു. വീരമൃത്യു വരിച്ച ഒരു സൈനികന് നല്‍കേണ്ട നഷ്ടപരിഹാരം ‘അഗ്‌നിവീര്‍ ഉള്‍പ്പെടെയുള്ള വീരമൃത്യു വരിച്ച സൈനികരുടെ അടുത്ത ബന്ധുക്കള്‍ക്ക് വേഗത്തില്‍’ നല്‍കുമെന്ന് സൈന്യം ഊന്നിപ്പറഞ്ഞു.

അഗ്‌നിവീര്‍ അജയ് കുമാറിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കിയതില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് കള്ളം പറഞ്ഞെന്ന് രാഹുല്‍ ഗാന്ധി തന്റെ എക്സ് അക്കൗണ്ടില്‍ വീഡിയോ പോസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് സൈന്യത്തിന്റെ പ്രസ്താവന. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് തനിക്ക് നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്ന് അജയ് കുമാറിന്റെ പിതാവ് പറയുന്നതും വീഡിയോയില്‍ കേള്‍ക്കാമായിരുന്നു.

തിങ്കളാഴ്ച ലോക്സഭയില്‍ സംസാരിച്ച പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, അഗ്‌നിവീര്‍മാരെ യൂസ് ആന്‍ഡ് ത്രോ തൊഴിലാളികളായിട്ടാണ് സര്‍ക്കാര്‍ കണക്കാക്കുന്നതെന്നും അവര്‍ക്ക് ഷഹീദ് (രക്തസാക്ഷി) പദവി പോലും നല്‍കുന്നില്ലെന്നും പറഞ്ഞു. പിന്നാലെ രാഹുല്‍ ഗാന്ധി പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിക്കരുതെന്നും കര്‍ത്തവ്യത്തിനിടെ ജീവന്‍ വെടിയുന്ന അഗ്‌നിവീറുകള്‍ക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം ലഭിക്കുമെന്നും രാജ്നാഥ് സിംഗ് മറുപടിയായി പറഞ്ഞു.

2022 ജൂണ്‍ 14-ന് പ്രഖ്യാപിച്ച അഗ്‌നിപഥ് സ്‌കീം, 17-നും 21-നും ഇടയില്‍ പ്രായമുള്ള യുവാക്കളെ നാല് വര്‍ഷത്തേക്ക് റിക്രൂട്ട് ചെയ്യുന്നു.അവരില്‍ 25 ശതമാനം പേരെ 15 വര്‍ഷത്തേക്ക് കൂടി നിലനിര്‍ത്താനുള്ള വ്യവസ്ഥയുണ്ട്. ആ വര്‍ഷം തന്നെ ഉയര്‍ന്ന പ്രായപരിധി 23 വര്‍ഷമായി സര്‍ക്കാര്‍ നീട്ടി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!