26 December 2024

തിരുവനന്തപുരം: ‘കീം’ ആദ്യ ഓണ്‍ലൈന്‍ പരീക്ഷയുടെ ഫലം ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു വാര്‍ത്താസമ്മേളനത്തിലാണ് പ്രഖ്യാപിച്ചത്. പരീക്ഷ നടന്ന് കൃത്യം ഒരു മാസം പിന്നിടുമ്പോഴാണ് റാങ്ക് പട്ടിക പ്രസിദ്ധപ്പെടുത്തിയത്. 79,044 (എഴുപത്തി ഒന്‍പതിനായിരത്തി നാല്പത്തിനാല്) വിദ്യാര്‍ത്ഥികളാണ് ജൂണ്‍ അഞ്ചു മുതല്‍ പത്തുവരെ ആറു ദിവസങ്ങളിലായി നടന്ന ആദ്യ ‘കീം’ ഓണ്‍ലൈന്‍ പ്രവേശന പരീക്ഷയെഴുതിയത്. സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളിലും ന്യൂഡല്‍ഹി, മുംബൈ, ദുബൈ കേന്ദ്രങ്ങളിലുമായിരുന്നു പരീക്ഷ.

79044 (38853 പെണ്‍കുട്ടികളും 40190 ആണ്‍കുട്ടികളും) വിദ്യാര്‍ത്ഥികള്‍ എഴുതിയ പ്രവേശനപരീക്ഷയില്‍ 58340 പേര്‍ (27524 പെണ്‍കുട്ടികളും 30815 ആണ്‍കുട്ടികളും) യോഗ്യത നേടി. അതില്‍ 52500 പേരാണ് (24646 പെണ്‍കുട്ടികളും 27854 ആണ്‍കുട്ടികളും) റാങ്ക് പട്ടികയില്‍ ഇടം പിടിച്ചത്. യോഗ്യത നേടിയവരുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 4261 വര്‍ധിച്ചു. പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ എണ്ണത്തിലും 2829 പേരുടെ വര്‍ധനയുണ്ടായി. പരീക്ഷയെഴുതുകയും യോഗ്യത നേടുകയും ചെയ്ത ഏക ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിയ്ക്ക് റാങ്ക് പട്ടികയില്‍ ഉള്‍പ്പെടാനായില്ല.

ആദ്യ നൂറു റാങ്കില്‍ 13 പെണ്‍കുട്ടികള്‍ ഉള്‍പ്പെട്ടു. 87 ആണ്‍കുട്ടികളും. ആദ്യ നൂറു റാങ്കില്‍ ഉള്‍പ്പെട്ട 75 പേര്‍ ഒന്നാം അവസരത്തില്‍തന്നെയാണ് പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. രണ്ടാം അവസരത്തില്‍ ഈ റാങ്കിനുള്ളില്‍ വന്നവര്‍ 25 പേരാണ്. ആദ്യ നൂറു റാങ്കില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടത് എറണാകുളം ജില്ലയില്‍ നിന്നാണ് – 24 പേര്‍. തിരുവനന്തപുരവും (15 പേര്‍) കോട്ടയവുമാണ് (11) തൊട്ടു പിന്നില്‍.

എറണാകുളം ജില്ലയില്‍ നിന്നാണ് ഏറ്റവുമധികം പേര്‍ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടത് – 6568 പേര്‍. ഏറ്റവുമധികം പേര്‍ ആദ്യ 1000 റാങ്കുകളില്‍ ഉള്‍പ്പെട്ടതും എറണാകുളം ജില്ലയില്‍ നിന്നാണ് – 170 പേര്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!