26 December 2024

കൊച്ചി: നിര്‍മ്മിതബുദ്ധിയുമായി ബന്ധപ്പെട്ട് കെഎസ്ഐഡിസി സംഘടിപ്പിച്ച ദ്വിദിന ജെനറേറ്റീവ് എഐ കോണ്‍ക്ലേവില്‍ താരമായത് 15 വയസുള്ള തമ്മനം സ്വദേശിയായ ഉദയ് ശങ്കര്‍ എന്ന കുട്ടിയാണ്. ചെറുപ്രായത്തില്‍ തന്നെ ജെന്‍ എഐ ആപ്പ് നിര്‍മ്മിച്ച് പേറ്റന്റ് എടുത്ത ഉദയ് 15 ഓളം ആപ്പുകളാണ് വികസിപ്പിച്ചത്.

ഉദയ് ശങ്കറിന് നിര്‍മ്മിതബുദ്ധിയില്‍ ആദ്യ പേറ്റന്റുള്‍പ്പെടെയുള്ള നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ കാരണമായത് തന്റെ അച്ഛമ്മയ്ക്ക് ചെയ്ത ഒരു ഫോണ്‍കോളാണ്. കുട്ടി ഫോണ്‍ ചെയ്തപ്പോള്‍ എന്തോ തിരക്കിലായിരുന്ന അച്ഛമ്മ പിന്നെ വിളിക്കാമെന്ന് പറഞ്ഞു. എന്നാല്‍ നിര്‍മ്മിതബുദ്ധി കൊണ്ട് അച്ഛമ്മയെ തന്നെ സൃഷ്ടിച്ച് സംസാരിക്കാമെന്ന് ഉദയ് ശങ്കറും തീരുമാനിച്ചു. ‘അഡൈ്വസ’ എന്ന മള്‍ട്ടി ടോക്ക് അവതാര്‍ എഐ സ്യൂട്ടിന്റെ പിറവിയിലേക്ക് കാര്യങ്ങള്‍ എത്തിയത് ഇങ്ങനെയാണ്.

കിയോസ്‌ക്കിന്റെ രൂപത്തിലും മൊബൈല്‍ ആപ്പായും അഡൈ്വസയെ ഉപയോഗിക്കാം. ഇതുപയോഗിച്ച് ഗൂഗിള്‍ ട്രാന്‍സ്ലേറ്റ് പിന്തുണയ്ക്കുന്ന ഏതു ഭാഷയിലും സംസാരിക്കാം. വിമാനത്താവളങ്ങള്‍, മെട്രോ സ്റ്റേഷന്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍പോലുള്ള പൊതുസ്ഥലങ്ങളിലാണ് അഡൈ്വസ ഏറ്റവും ഗുണകരമെന്ന് ഉദയ് പറഞ്ഞു.

ഉദയിന്റെ സംരംഭങ്ങളുടെ തുടക്കം ഉറവ് അഡ്വാന്‍സ്ഡ് ലേണിംഗ് സിസ്റ്റംസ് എന്ന സ്റ്റാര്‍ട്ടപ്പിലൂടെയാണ്. വിവിധ ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന ഭാഷിണി എന്ന ആപിനാണ് ഉദയിന് ഇന്ത്യാ പേറ്റന്റ് ലഭിച്ചത്.

കുട്ടിയായിരിക്കുമ്പോഴേ ഉദയ് ശങ്കറിന് ടെക്‌നോളജിയിലാണ് താത്പര്യം. അതിനാല്‍ തന്നെ എട്ടാം ക്ലാസില്‍ പരമ്പരാഗത സ്‌കൂള്‍ വിദ്യാഭ്യാസം അവസാനിപ്പിച്ച് ഓപ്പണ്‍ സ്‌കൂള്‍ വിദ്യാഭ്യാസത്തിലേക്കെത്തി. വീട്ടിലെ ഓഫീസിലിരുന്ന് ഈ കുട്ടി സൃഷ്ടിക്കുന്നത് അത്ഭുതങ്ങളാണ്. മള്‍ട്ടിടോക്ക് അവതാര്‍ എഐ സ്യൂട്ട് ഉപയോഗിച്ചുള്ള ക്ലിന്‍അല്‍ക്ക കൊണ്ട് ഏതു ഭാഷക്കാര്‍ക്കും മറ്റ് ഭാഷക്കാരുമായി സംസാരിക്കാം. വിമാനത്താവളങ്ങള്‍ പോലുള്ള പൊതുസ്ഥലങ്ങളിലാണ് ഇത് ഏറ്റവും ഗുണകരമാകുന്നതെന്ന് ഉദയ് പറഞ്ഞു. പകര്‍ച്ചവ്യാധികള്‍ പെട്ടെന്ന് കണ്ടെത്താനും അതിന് പരിഹാരം ഉടനെ തന്നെ താഴെത്തട്ടിലേക്കെത്തിക്കാനും ഇതിലൂടെ കഴിയും. ഇതിനു പുറമെ അന്ധര്‍ക്ക് പൊതുസ്ഥലങ്ങള്‍ ഉപയോഗിക്കുന്നതിന് പറ്റുന്ന ആപ്പും ഉദയ് നിര്‍മ്മിച്ചിട്ടുണ്ട്. തികച്ചും സൗജന്യമായാണ് ഈ ആപ്പിന്റെ സേവനം.

ഏതൊരു ഫോട്ടോയില്‍ നിന്നും നിര്‍മ്മിതബുദ്ധി ഉപയോഗിച്ച് ഡിജിറ്റല്‍ ത്രിഡിരൂപം ഉണ്ടാക്കിയെടുക്കാന്‍ മള്‍ട്ടിടോക്ക് അവതാറിലൂടെ സാധിക്കും. ആപ് ഡൗണ്‍ലോഡ് ചെയ്താല്‍ ഇഷ്ടമുള്ളയാളുടെ രൂപത്തില്‍ എഐ ടോക്ക്‌ബോട്ടുമായി സംസാരിക്കാനാകും.

ഡോ. രവികുമാറിന്റെയും ശ്രീകുമാരി വിദ്യാധരന്റെയും മകനാണ് ഉദയ് ശങ്കര്‍. വീട്ടില്‍ പണിക്കെത്തുന്ന ബംഗാളികളുമായി സംസാരിക്കാന്‍ അച്ഛനും ഉദയ് ഒരു ആപ് ഉണ്ടാക്കി നല്‍കിയിട്ടുണ്ട്. കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ ഉദയിന്റെ സ്റ്റാര്‍ട്ടപ്പ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പരമ്പരാഗത വിദ്യാഭ്യാസരീതികളില്‍ നിന്ന് മകന്‍ മാറിചിന്തിച്ചപ്പോള്‍ പൂര്‍ണപിന്തുണ നല്‍കിയതാണ് താന്‍ ചെയ്ത ഏറ്റവും നല്ല കാര്യമെന്ന് ഡോ. രവികുമാര്‍ പറഞ്ഞു. കൂടുതല്‍ പേറ്റന്റിനായുള്ള നടപടിക്രമങ്ങള്‍ നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

ത്രിഡിഫോര്‍ഓള്‍, എഫ്എഐനാന്‍സ, എആര്‍മിനിഗോള്‍ഫ്, ഫാംസിം, ബോക്‌സ്ഫുള്‍വിആര്‍, മെഡ്അല്‍ക്ക, മിസ് വാണി എഐ ടീച്ചര്‍, അഡൈ്വസ, ഹായ്ഫ്രണ്ട്, ഖോണോഝാ വിഎസ് ദി വൈറസ് വിആര്‍, കോഡ് ഭാഷ, ഡോ.ഖോണോഝാ വിഎസ് ദി വൈറസ് വിആര്‍, പോര്‍ട്ടബിള്‍ ഇന്റര്‍പ്രെട്ടര്‍, വ്യോ വോയിസ് യുവര്‍ ഒപീനിയന്‍ എന്നിങ്ങനെ 15 ആപ്പുകള്‍ ഉദയ് ഇതിനകം നിര്‍മ്മിച്ചിട്ടുണ്ട്. 4500 ഓളം പ്രതിനിധികള്‍ പങ്കെടുക്കുന്ന ദ്വിദിന കോണ്‍ക്ലേവ് ഇന്ന് സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!