തിരുവനന്തപുരം: റെയില്‍വേ സ്റ്റേഷന് സമീപം ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കാന്‍ ഇറങ്ങിയ തൊഴിലാളിയെ കാണാതായി. മാരായിമുട്ടം സ്വദേശി ജോയിയെയാണ് കാണാതായത്. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ തെരച്ചില്‍ നടത്തുകയാണ്. തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്തെ ആദ്യ പ്ലാറ്റഫോമിന് സമീപത്ത് വച്ചാണ് അപകടം ഉണ്ടായത്.
ഒഴുക്കില്‍ പെട്ടെന്നാണ് സംശയം. ഫയര്‍ഫോഴ്‌സ് എത്തി രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. സ്ഥലത്ത് മൂന്ന് ദിവസമായി ജോലി പുരോഗമിക്കുന്നുണ്ട്. റെയില്‍വേയാണ് ഇവരെ ജോലി ഏല്‍പ്പിച്ചത്. ഇന്ന് രാവിലെ മുതല്‍ തിരുവനന്തപുരത്ത് ശക്തമായ മഴ പെയ്യുന്നുണ്ട്. ജോയി ഒഴുക്കില്‍പ്പെട്ടതാവാം എന്നതാണ് അഗ്‌നിശമനസേനയുടെ പ്രാഥമിക നിഗമനം.
റെയില്‍വേയുടെ നിര്‍ദേശാനുസരണമാണ് തോട് വൃത്തിയാക്കല്‍ നടന്നത്. റെയില്‍വേ ലൈന്‍ ക്രോസ് ചെയ്ത് പോകുന്ന ഭാഗമാണിത്. റെയില്‍വെ ലൈനിന് അടിയില്‍ കൂടി പോകുന്ന തോടിന്റെ ഭാഗം പുറത്ത് കാണുന്ന വീതിയില്ല. ടണലിന്റെ രൂപത്തിലാണ് തുടര്‍ന്നുളള ഭാഗങ്ങളെന്നാണ് വിവരം. ഇവിടെ വൃത്തിയാക്കാന്‍ നാല് പേരാണ് ഉണ്ടായിരുന്നത്. രാവിലെ മുതല്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയായിരുന്നു. തോട്ടില്‍ ധാരാളം മാലിന്യങ്ങള്‍ കൂമ്പാരംകെട്ടി കിടക്കുകയാണ്. മാലിന്യങ്ങള്‍ മൂലം തോട് ഒഴുക്ക് നിലച്ചുപോകുന്ന സാഹചര്യവും ഉണ്ടാവാറുണ്ട്. ഫയര്‍ഫോഴ്‌സ് ഉള്‍പ്പെടെയെത്തി രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്.