25 December 2024

പത്തനംതിട്ട: മകളുടെ പേരിലേക്ക് ഭൂമി പോക്കുവരവ് ചെയ്യാന്‍ ആയിരം രൂപ കൈക്കൂലി വാങ്ങിയ കേസില്‍ മുന്‍ വില്ലേജ് ഓഫീസര്‍ക്ക് മൂന്ന് വര്‍ഷം കഠിന തടവ്. ഒപ്പം 15,000 രൂപ പിഴയും ഒടുക്കണം. പത്തനംതിട്ട ജില്ലയിലെ വടശ്ശേരിക്കര വില്ലേജ് ഓഫീസറായിരുന്ന ഇ.വി.സോമനെയാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി ശിക്ഷിച്ചത്. 2011 ജനുവരി ഏഴാം തീയ്യതി നടന്ന സംഭവത്തിലാണ് ഇന്ന് വിധിയുണ്ടായത്.

പത്തനംതിട്ട സ്വദേശിയായ ഒരാള്‍ നല്‍കിയ പരാതിയിലാണ് വില്ലേജ് ഓഫീസര്‍ കുടുങ്ങിയത്. പരാതിക്കാരന്റെ പേരിലുള്ള ഒന്നേകാല്‍ ഏക്കര്‍ വസ്തു മകളുടെ പേരിലേക്ക് പോക്കുവരവ് ചെയ്ത് നല്‍കുന്നതിന് 1000 രൂപ കൈക്കൂലി ചോദിച്ചു വാങ്ങുകയായിരുന്നു. പണം കൈപ്പറ്റുന്നതിനിടെ അന്നത്തെ പത്തനംതിട്ട വിജിലന്‍സ് യൂണിറ്റ് ഡി.വൈ.എസ്.പി ബേബി ചാള്‍സും സംഘവും കൈയ്യോടെ പിടികൂടുകയായിരുന്നു.

ഈ കേസിലാണ് രണ്ട് വകുപ്പുകളിലായി മൂന്ന് വര്‍ഷം കഠിന തടവും 15,000 രൂപ പിഴയും വിധിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയെന്ന് വിധി ന്യായത്തില്‍ പറയുന്നു. പത്തനംതിട്ട വിജിലന്‍സ് യൂണിറ്റ് മുന്‍ ഡി.വൈ.എസ്.പി പി.കെ. ജഗദീഷ് ആണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി വിജിലന്‍സ് പബ്ലിക് പ്രോസിക്യൂട്ടര്‍ വീണാ സതീശന്‍ ഹാജരായി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!