തൃശ്ശൂര്‍: മണപ്പുറം ഫിനാന്‍സില്‍ നിന്ന് 20 കോടി രൂപ തട്ടിയെടുത്ത പ്രതി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് തട്ടിക്കയറി.ധന്യാമോഹനാണ് മാധ്യമങ്ങളോട് തട്ടികയറിയത്. കുറ്റം ചെയ്തോ എന്ന ചോദ്യത്തോട് തന്റെ ബാഗ് മുഴുവന്‍ കാശാണ്, നിങ്ങള്‍ വന്ന് എടുത്തോളൂ എന്നായിരുന്നു തട്ടിക്കയറിയുള്ള ധന്യയുടെ മറുപടി. പണം എന്തു ചെയ്തു എന്ന ചോദ്യത്തിന് ചന്ദ്രനില്‍ 5 സെന്റ് സ്ഥലം വാങ്ങിയെന്നും ധന്യ മറുപടി നല്കി. വലപ്പാട് മണപ്പുറം കോംപ്ടെക് ആന്റ് കണ്‍സള്‍ട്ടന്‍സി ലിമിറ്റഡില്‍ നിന്നുമാണ് ധന്യ പണം തട്ടിയെടുത്തത്. സ്ഥാപനത്തിലെ അസിസ്റ്റന്റ് ജനറല്‍ മാനേജരായിരുന്നു പ്രതിയായ ധന്യ മോഹന്‍.
ധന്യ പണം ഉപയോഗിച്ചത് ധൂര്‍ത്തിനും ആഡംബരത്തിനുമായിരുന്നു. ധന്യ ഓണ്‍ലൈന്‍ റമ്മി കളിക്ക് അടിമയാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. രണ്ട് കോടി രൂപയുടെ ഓണ്‍ലൈന്‍ റമ്മി കളിയുടെ ഇടപാട് വിവരങ്ങള്‍ ഇന്‍കംടാക്സ് തേടിയിരുന്നു. എന്നാല്‍ ധന്യ വിവരം നല്‍കിയിരുന്നില്ല.
ഡിജിറ്റല്‍ ഇടപാടിലൂടെയാണ് 20 കോടി തട്ടിയെടുത്തെന്ന് തൃശൂര്‍ റൂറല്‍ എസ് പി നവനീത് ശര്‍മ പറഞ്ഞിരുന്നു. കൊല്ലം സ്വദേശിനിയായ ധന്യാ മോഹനെ പിടികൂടാന്‍ ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കി. ഇവര്‍ വിദേശത്തേയ്ക്ക് കടക്കാതിരിക്കാന്‍ പൊലീസ് ജാഗ്രതയിലാണ്. കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘം രൂപികരിച്ചെന്ന് എസ് പി വ്യക്തമാക്കി.
2019 മുതല്‍ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് കമ്പനിയില്‍ നിന്നും വ്യാജ ലോണുകള്‍ ഉണ്ടാക്കി കമ്പനിയുടെ ഡിജിറ്റല്‍ പേഴ്സ്ണല്‍ ലോണ്‍ അക്കൗണ്ടില്‍ നിന്നും അച്ഛന്റെയും സഹോദരന്റെയും വിവിധ അക്കൗണ്ടുകളിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്ത് 20 കോടിയോളം രൂപ പ്രതി തട്ടിയെടുക്കുകയായിരുന്നു.