25 December 2024

ന്യൂഡല്‍ഹി: പൂജ ഖേദ്കറിന്റെ ഐഎഎസ് സെലക്ഷന്‍ റദ്ദാക്കി യുപിഎസ്‌സി. ഇവരുടെ പ്രൊവിഷണല്‍ കാന്‍ഡിഡേറ്റര്‍ റദ്ദാക്കിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. യുപിഎസ്‌സി പരീക്ഷകള്‍ എഴുതുന്നതില്‍ നിന്ന് ആജീവനാന്ത വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. കേന്ദ്ര പേഴ്സണല്‍ മന്ത്രാലയം നിയോഗിച്ച ഏകാംഗ അന്വേഷണ കമ്മിഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെയാണ് നടപടി. ഐഎഎസ് ലഭിക്കുന്നതിനായി പൂജ, ഒബിസി നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ്, ഭിന്നശേഷി രേഖകള്‍ എന്നിവ ദുരുപയോഗം ചെയ്തതായി കമ്മീഷന്‍ കണ്ടെത്തുകയും നടപടിക്ക് ശുപാര്‍ശ നല്‍കുകയും ചെയ്തിരുന്നു.


കാരണം കാണിച്ച് യുപിഎസ്‌സി നോട്ടീസ് നല്‍കിയെങ്കിലും മറുപടി നല്‍കാനുള്ള ജൂലൈ 30നും മറപടിയൊന്നും നല്‍കാത്തതിനെ തുടര്‍ന്നാണ് നടപടി. പൂജ ഖേദ്കര്‍ വിഷയത്തിന്റെ പശ്ചാത്തലത്തില്‍, 2009-2023 കാലയളവില്‍ ഐഎഎസ് സ്‌ക്രീനിംഗ് പ്രക്രിയ പൂര്‍ത്തിയാക്കിയ 15,000ത്തിലധികം ഉദ്യോഗാര്‍ത്ഥികളുടെ വിവരങ്ങള്‍ പരിശോധിച്ചതായി പാനല്‍ അറിയിച്ചു. പുനെയിലെ സബ്കലക്ടറായിരുന്ന പൂജയുടെ അധികാര ദുര്‍വിനിയോഗം വാര്‍ത്തയായതിനെ തുടര്‍ന്നാണ് സംഭവങ്ങള്‍ പുറത്തായത്. തുടര്‍ന്ന് ഇവരെ സ്ഥലം മാറ്റുകയും ചെയ്തു. പിന്നാലെ ഇവരുടെ സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികതയെക്കുറിച്ച് സംശയങ്ങളുയര്‍ന്നു. തുടര്‍ന്ന് മുസൂറിയിലെ ലാല്‍ ബഹാദുര്‍ ശാസ്ത്രി നാഷണല്‍ അക്കാദമി ഓഫ് അഡ്മിനിസ്‌ട്രേഷന്‍ പൂജയെ തിരിച്ചുവിളിച്ചു.

ട്രെയിനിംഗ് നിര്‍ത്തി തിരികെ എത്താനായിരുന്നു നിര്‍ദ്ദേശം. ജൂലൈ 16ന് സംസ്ഥാന സര്‍ക്കാരിനൊപ്പമുള്ള പൂജയുടെ ട്രെയിനിംഗ് അവസാനിപ്പിച്ചതായി മഹാരാഷ്ട്ര അഡീഷണല്‍ ചീഫ് സെക്രട്ടറി നിതിന്‍ ഗഡ്രേ വ്യക്തമാക്കിയിരുന്നു. 2023 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ് പൂജ. ദില്ലി പൊലീസിന്റെ ക്രൈംബ്രാഞ്ച് വിഭാഗം പൂജയ്‌ക്കെതിരെ വ്യാജ രേഖ ചമച്ചതിന് കേസ് എടുത്തിട്ടുണ്ട്. വ്യാജ വൈകല്യ സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിച്ചാണ് അര്‍ഹമായതിലും കൂടുതല്‍ തവണ ഇവര്‍ യുപിഎസ്സി പരീക്ഷ എഴുതിയത്.

യുപിഎസ്‌സി പരീക്ഷയില്‍ 841-ാം റാങ്കാണ് ഇവര്‍ക്ക് ലഭിച്ചത്. അഹമ്മദ്നഗര്‍ സ്വദേശിയായ പൂജ 2023 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ്. ചട്ടങ്ങള്‍ അനുസരിച്ച്, ഒരു ട്രെയിനിക്ക് ചുവന്ന-നീല ബീക്കണ്‍ ലൈറ്റ്, വിഐപി നമ്പര്‍ പ്ലേറ്റ്, താമസ സൗകര്യം, മതിയായ ജീവനക്കാരുള്ള ഔദ്യോഗിക ചേംബര്‍, കോണ്‍സ്റ്റബിള്‍ എന്നീ സൗകര്യങ്ങള്‍ നല്‍കില്ലെന്നിരിക്കെ ഇത്തരം ആവശ്യങ്ങള്‍ ഇവര്‍ ഉന്നയിച്ചിരുന്നു. ഇതിന് പുറമേ തന്റെ സ്വകാര്യ ഓഡി കാറില്‍ ചുവന്ന-നീല ബീക്കണ്‍ ലൈറ്റും വിഐപി നമ്പര്‍ പ്ലേറ്റും ഇവര്‍ ഉപയോഗിച്ചതും സ്വകാര്യ കാറില്‍ ‘മഹാരാഷ്ട്ര സര്‍ക്കാര്‍’ എന്ന ബോര്‍ഡും സ്ഥാപിച്ചതും വലിയ വിവാദമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!