കൊല്‍ക്കത്ത: ബംഗ്ലാദേശിലെ അരാജകത്വത്തിലും ഇന്ത്യ- ബംഗ്ലാദേശ് അതിര്‍ത്തി സുരക്ഷിതമെന്ന് പശ്ചിമബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസ്. കിംവദന്തികള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ആനന്ദബോസ് അറിയിച്ചു. ഇന്ത്യ- ബംഗ്ലാദേശ് അതിര്‍ത്തികള്‍ സുരക്ഷിതമാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ഡോ സി.വി ആനന്ദബോസ്.
അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ നിയന്ത്രണാധീനമാണ്. പരിഭ്രാന്തിയുടെ ആവശ്യമില്ല. കിംവദന്തികള്‍ പ്രചരിപ്പിക്കുന്നവരെ കരുതിയിരിക്കണമെന്നും ആനന്ദബോസ് പറഞ്ഞു. അതിര്‍ത്തികള്‍ സംരക്ഷിക്കാന്‍ ശക്തവും ഫലപ്രദവുമായ നടപടികള്‍ സ്വീകരിക്കുന്ന ഇന്ത്യന്‍ സര്‍ക്കാരിന് പിന്നില്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് ജാഗ്രതയോടെ നിരീക്ഷിക്കുന്നതിനും നിജസ്ഥിതി അറിയിക്കുന്നതിനും രാജ്ഭവനില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഒരു ഉന്നതാധികാര നിരീക്ഷണ സമിതിക്ക് (ഹൈ പവര്‍ വാച്ച്ഡോഗ് കമ്മിറ്റി) രൂപം നല്‍കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഭ്യൂഹങ്ങളും തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഇന്ത്യയിലേക്കുള്ള അനധികൃത കടന്നുകയറ്റം തടയാന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുമെന്നും ഗവര്‍ണര്‍ അറിയിച്ചു. ഔദ്യോഗിക സന്ദര്‍ശനത്തിന് ദില്ലിയിലായിരുന്ന ഗവര്‍ണര്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയുമായുള്ള കൂടിയാലോചനകള്‍ക്കുശേഷം വൈകിട്ടോടെ കൊല്‍ക്കത്തയിലെത്തി. സ്ഥിതിഗതികള്‍ നിരീക്ഷിച്ചശേഷം ആവശ്യമെങ്കില്‍ അദ്ദേഹം അതിര്‍ത്തി പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. വിവിധ സുരക്ഷസേനാ തലവന്മാര്‍ ഗവര്‍ണറുമായി നിരന്തര സമ്പര്‍ക്കത്തിലാണ്.