കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ ചൊവ്വാഴ്ച ഹൈക്കോടതി വിധി പറയും. ചലച്ചിത്രമേഖലയിലെ പ്രശ്നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പുറത്തുവിടുന്നതില്‍ ഹൈക്കോടതി ചൊവ്വാഴ്ച വിധി പറയുന്നത്. ഹര്‍ജിക്കാരന്റെയും വിവരാവകാശ കമ്മിഷനും സര്‍ക്കാരും മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പടെയുള്ള എതിര്‍കക്ഷികളുടെയും വാദം പൂര്‍ത്തിയായ സാഹചര്യത്തിലാണ് സിംഗിള്‍ ബെഞ്ചിന്റെ നടപടി. രഹസ്യമായി സൂക്ഷിക്കേണ്ട വിവരങ്ങള്‍ റിപ്പോര്‍ട്ടിലുണ്ടെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. സജിമോന്‍ പാറയിലിന്റെ വ്യക്തിപരമായ എന്തവകാശമാണ് ഹനിക്കുന്നത് എന്ന് വ്യക്തമാക്കിയിട്ടില്ലെന്നായിരുന്നു വിവരാവകാശ കമ്മിഷന്റെ മറുപടി.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതിലെ നിയമ പ്രശ്നമാണ് ചൂണ്ടിക്കാട്ടുന്നതെന്നും ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടാല്‍ തന്നെ ബാധിക്കുമെന്നുമായിരുന്നു ഹര്‍ജിക്കാരനായ സജിമോന്‍ പാറയിലിന്റെ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ ആവര്‍ത്തിച്ചത്. പൊതുതാല്‍പര്യം ഉണ്ടെങ്കില്‍ അക്കാര്യം സംസ്ഥാന വിവരാവകാശ കമ്മിഷന്റെ ഉത്തരവിലുണ്ടാകണം. എന്നാല്‍ ഉത്തരവില്‍ അക്കാര്യം വ്യക്തമാക്കിയിട്ടില്ല. സംസ്ഥാനങ്ങളില്‍ കേരളം മാത്രമാണ് ഈ പ്രശ്നം പഠിക്കാനായി സമിതിയെ നിയോഗിച്ചത്.
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എന്ത് നടപടിയെടുത്തുവെന്ന് ആര്‍ക്കും അറിയേണ്ടതില്ല. വിവരാവകാശ നിയമം അനുസരിച്ചുള്ള അപേക്ഷകര്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടവരല്ല. ചലച്ചിത്ര മേഖലയിലെ സ്ത്രീകളെ മാത്രം ബാധിക്കുന്നതായതിനാല്‍ പൊതുതാല്‍പര്യമില്ല. രഹസ്യമായി സൂക്ഷിക്കേണ്ട വിവരങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉണ്ടെന്നാണ് വിവരാവകാശ കമ്മിഷന്റെ നിരീക്ഷണമെന്നുമായിരുന്നു സജിമോന്‍ പാറയിലിന്റെ വാദം.
റിപ്പോര്‍ട്ടില്‍ പേരുള്‍പ്പെട്ടവരുടെ സ്വകാര്യതയെ ബാധിക്കാത്ത രീതിയില്‍ റിപ്പോര്‍ട്ട് ലഭിക്കാന്‍ അവകാശമുണ്ടെന്ന് അപേക്ഷകരായ മാധ്യമ പ്രവര്‍ത്തകരും ഹൈക്കോടതിയെ അറിയിച്ചു. റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ പുറത്തുവരേണ്ടതുണ്ടെന്നും ഇല്ലെങ്കില്‍ ഹേമ കമ്മിറ്റിയുടെ ഉദ്ദേശം തന്നെ അപ്രസക്തമാകുമെന്നും വനിതാ കമ്മിഷന്‍ ഹൈക്കോടതിയെ അറിയിച്ചു.
റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നായിരുന്നു ചലച്ചിത്ര പ്രവര്‍ത്തകരായ വനിതകളുടെ സംഘടന വിമണ്‍ ഇന്‍ സിനിമ കളക്ടീവിന്റെ ആവശ്യം. ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായ സാഹചര്യത്തില്‍ ജസ്റ്റിസ് വിജി അരുണ്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ചൊവ്വാഴ്ച വിധി പറയും. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതിന് ഹൈക്കോടതിയുടെ സ്റ്റേ നിലവിലുണ്ട്.