25 December 2024

ചെന്നൈ: കമല്‍ഹാസന്‍ നായകനായി വേഷമിട്ട് വന്ന ചിത്രമാണ് ഇന്ത്യന്‍ 2. പ്രതീക്ഷയ്‌ക്കൊത്ത വിജയം നേടാന്‍ കമല്‍ഹാസന്‍ ചിത്രത്തിന് സാധിച്ചിരുന്നില്ല എന്നതാണ് ബോക്‌സോഫീസ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ആഗോളതലത്തില്‍ നിന്ന് ആകെ 148.78 കോടിയാണ് ഇന്ത്യന്‍ 2 നേടിയത്. ഇപ്പോഴിതാ റിലീസ് ചെയ്ത് ഒരു മാസം തികയും മുന്‍പേ കമല്‍ഹാസന്‍ നായകനായ ഇന്ത്യന്‍ 2 ഒടിടിയില്‍ എത്തിയിരിക്കുന്നു.

നെറ്റ്ഫ്‌ലിക്‌സിലൂടെയാണ് കമല്‍ഹാസന്റെ ഇന്ത്യന്‍ 2 ഒടിടിയില്‍ പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്. ഓഗസ്റ്റ് ഒമ്പതിന് അര്‍ദ്ധ രാത്രിയാണ് ചിത്രം റിലീസായത്. റിലീസിന് പിന്നാലെ വ്യാപകമായ വിമര്‍ശനങ്ങള്‍ നേരിട്ട ചിത്രം ഒടിടിയില്‍ എങ്ങനെ സ്വീകരിക്കപ്പെടുക എന്നതാണ് കമല്‍ ആരാധകര്‍ ഉറ്റുനോക്കുന്നത്. അതേ സമയം ഹിന്ദി പതിപ്പ് ഹിന്ദുസ്ഥാനി 2, തെലുങ്ക് പതിപ്പ് ഭാരതുഡു 2വും ഇതിനൊപ്പം എത്തിയിട്ടുണ്ട്.

കമല്‍ഹാസന്‍ ഇന്ത്യന്‍ താത്തയായി തിരിച്ചെത്തിയ ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത് എസ് ഷങ്കറായിരുന്നു. പല മേക്കോവറുകളില്‍ എത്തിയും കമല്‍ഹാസന്റെ റോള്‍ ഏറെ പ്രതീക്ഷ നല്‍കിയെങ്കിലും തീയറ്ററില്‍ ഓഡിയന്‍സിനെ തൃപ്തിപ്പെടുത്തിയില്ല.

കമല്‍ഹാസന്‍ നായകനായി 1996ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം ‘ഇന്ത്യന്‍ വന്‍ ഹിറ്റായി മാറിയിരുന്നു. ഇന്ത്യന്‍ 2 എത്തിയപ്പോഴും സിനിമയുടെ സംവിധാനം എസ് ഷങ്കറായിരുന്നു. ഛായാഗ്രാഹണം രവി വര്‍മ്മയാണ് നിര്‍വഹിച്ചിരിക്കുന്നത്. നടന്‍ സിദ്ധാര്‍ഥ് ഒരു പ്രധാനപ്പെട്ട കഥാപാത്രമായി എത്തുമ്പോള്‍ എസ് ജെ സൂര്യ, വിവേക്, സാക്കിര്‍ ഹുസൈന്‍, ജയപ്രകാശ്, ജഗന്‍, ഡെല്‍ഹി ഗണേഷ്, സമുദ്രക്കനി, നിഴല്‍ഗള്‍ രവി, ജോര്‍ജ് മര്യന്‍, വിനോദ് സാഗര്‍, ബെനെഡിക്റ്റ് ഗാരെറ്റ്, പ്രിയ ഭവാനി ശങ്കര്‍, രാകുല്‍ പ്രീത് സിംഗ്, ബ്രഹ്‌മാനന്ദന്‍, ബോബി സിന്‍ഹ തുടങ്ങിയവരും വീരസേഖരന്‍ സേനാപതിയായി എത്തുന്ന നായകന്‍ കമല്‍ഹാസനൊപ്പമുണ്ടാകുമ്പോള്‍ സംഗീതം അനിരുദ്ധ് രവിചന്ദറും ആണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!