കൊല്‍ക്കത്ത: ഡ്യുറന്റ് കപ്പില്‍ കേരള ബ്ലാസ്റ്റേഴ്സ് ക്വാര്‍ട്ടര്‍ ഫൈനലില്‍. ഗ്രൂപ്പ് സിയിലെ ചാമ്പ്യന്മാരായി രാജകീയമായാണ് ബ്ലാസ്റ്റേഴ്സിന്റെ ക്വാര്‍ട്ടര്‍ പ്രവേശനം. ഇന്ന് പഞ്ചാബ് എഫ്സി-മുംബൈ സിറ്റി എഫ്സി മത്സരം അവസാനിച്ചതോടെയാണ് കേരള ബ്ലാസ്റ്റേഴ്സ് ഗ്രൂപ്പില്‍ ഒന്നാമതെത്തി ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. മുംബൈ സിറ്റിക്കെതിരെ മറുപടിയില്ലാത്ത മൂന്ന് ഗോളുകളുടെ വിജയമാണ് പഞ്ചാബ് ഇന്ന് സ്വന്തമാക്കിയത്. ഇതോടെ പഞ്ചാബ് എഫ്സിക്കും ബ്ലാസ്റ്റേഴ്സിനും ഏഴ് പോയിന്റായി. എന്നാല്‍ മികച്ച ഗോള്‍ വ്യത്യാസമാണ് ബ്ലാസ്റ്റേഴ്സിന് ഒന്നാം സ്ഥാനം ഉറപ്പിച്ചത്.
മൂന്ന് മത്സരങ്ങളില്‍ നിന്ന് രണ്ട് വിജയവും ഒരു സമനിലയുമാണ് ബ്ലാസ്റ്റേഴ്സിന്റെയും പഞ്ചാബിന്റെയും സമ്പാദ്യം. മൂന്ന് മത്സരങ്ങളില്‍ നിന്ന് 16 ഗോളുകള്‍ അടിച്ചുകൂട്ടിയ ബ്ലാസ്റ്റേഴ്സ് ഒരു ഗോള്‍ മാത്രമാണ് വഴങ്ങിയത്. അതേസമയം മൂന്ന് മത്സരങ്ങളില്‍ നിന്ന് ഏഴ് ഗോളുകള്‍ അടിച്ചാണ് പഞ്ചാബ് ഒരു ഗോള്‍ വഴങ്ങിയത്.