26 December 2024

ബെംഗളൂരു: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായ അര്‍ജുന് വേണ്ടി പുഴയില്‍ തെരച്ചില്‍ നടത്തുന്നതില്‍ പ്രതിസന്ധിയുണ്ടെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍. ഗംഗാവലി പുഴയില്‍ ശക്തമായ ഒഴുക്ക് തുടരുന്നതാണ് ഇപ്പോഴും വെല്ലുവിളി. എന്നാല്‍ ദൗത്യം അവസാനിപ്പിക്കില്ലെന്നും തുടരുമെന്നും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ പറഞ്ഞു.

എല്ലാ ദിവസവും ജില്ലാ ഭരണകൂടം പുഴയിലിറങ്ങി ഒഴുക്ക് എത്രത്തോളമുണ്ടെന്ന് അളക്കുന്നുണ്ട്. ഇന്നലെ രാവിലത്തെ കണക്ക് പ്രകാരം വെള്ളത്തിന്റെ ഒഴുക്ക് 5.4 നോട്ടിക്കല്‍ മൈല്‍ വേഗതയിലാണ്. ഈ ഒഴുക്കില്‍ പുഴയിലിറങ്ങി ഡൈവ് ചെയ്യാനോ ഡ്രഡ്ജ് ചെയ്യാനോ സാധ്യമല്ല. അത് കുറയുന്ന സാഹചര്യത്തില്‍ തെരച്ചില്‍ പുനരാരംഭിക്കുന്ന കാര്യത്തില്‍ നാളെ തീരുമാനമെടുക്കും എന്നാണ് കളക്ടര്‍ പറഞ്ഞത്. ഇതേ കാര്യം തന്നെയാണ് ശിവകുമാര്‍ ആവര്‍ത്തിക്കുന്നത്. പുഴയിലെ ഒഴുക്കിന്റെ വേഗം കുറയുന്നതിന് അനുസരിച്ച് ആയിരിക്കും തെരച്ചില്‍ നടത്തുക. ദൗത്യം അവസാനിപ്പിക്കില്ലെന്നും തുടരുമെന്നുമാണ് കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ ഉറപ്പ് നല്‍കുന്നത്.

ഒരാള്‍ക്ക് സുരക്ഷിതമായി ഇറങ്ങി തിരയാന്‍ 2 നോട്ട് ആയി പുഴയുടെ ഒഴുക്കിന്റെ വേഗം കുറയണം. അടുത്ത ഒരാഴ്ച കാലാവസ്ഥ അനുകൂലമെന്നാണ് പ്രവചനം. കഴിഞ്ഞ രണ്ട് ദിവസമായി ഗംഗാവലി പുഴയുടെ വൃഷ്ടി പ്രദേശത്ത് മഴ ഉണ്ടായില്ലെന്നതും ആശ്വാസകരമാണ്. അതിനാല്‍ പുഴയുടെ ഒഴുക്ക് കുറയുന്നുണ്ട്. ചൊവ്വാഴ്ചയോടെ പുഴയുടെ ഒഴുക്ക് കുറഞ്ഞാല്‍ അടുത്ത നടപടി തീരുമാനിക്കുമെന്നും കളക്ടര്‍ അറിയിച്ചു.

ഗംഗാവലി പുഴയിലെ ഒഴുക്ക് ശക്തമായതിനാലാണ് അര്‍ജുന് വേണ്ടിയുളള തെരച്ചില്‍ നിര്‍ത്തിവെച്ചത്. പ്രദേശത്ത് മഴയും കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായിരുന്നു. വിഷയത്തില്‍ കര്‍ണാടക ഹൈക്കോടതി കഴിഞ്ഞ ദിവസം ഇടപെട്ടിരുന്നു. തെരച്ചില്‍ പുനരാരംഭിക്കണമെന്ന് കോടതി നിര്‍ദ്ദേശം നല്‍കി.

അതിനിടെ, അര്‍ജുനെ കണ്ടെത്താന്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് അര്‍ജുന്റെ കുടുംബത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ രേഖാമൂലം ഉറപ്പ് നല്‍കി. കോഴിക്കോട് ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ അര്‍ജുന്റെ വീട്ടിലെത്തിയാണ് മുഖ്യമന്ത്രിയുടെ കത്ത് കൈമാറിയത്. ഹൈക്കോടതിയുടെ അനുകൂല ഉത്തരവുണ്ടായിട്ടും അര്‍ജുനെ കണ്ടെത്താനായുളള തെരച്ചില്‍ കര്‍ണാടക സര്‍ക്കാര്‍ പുനാരംഭിക്കുന്നില്ലെന്ന പരാതിക്കിടെയാണ് വിഷയത്തില്‍ ഇതുവരെ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികളുടെ പുരോഗതി മുഖ്യമന്ത്രി രേഖാമൂലം അര്‍ജുന്റെ കുടുംബത്തെ അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!