വാഹനപ്രേമികള്‍ പ്രതീക്ഷയോടെ കാത്തിരുന്ന പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്രയുടെ ഥാറിന്റെ ഫൈവ് ഡോര്‍ റോക്‌സ് എസ് യുവി ലോഞ്ച് ചെയ്തു. പെട്രോള്‍ മോഡലിന് 12.99 ലക്ഷം രൂപയാണ് അടിസ്ഥാന വില (എക്സ്ഷോറൂം). ഡീസല്‍ മോഡലിന് 13.99 രൂപയാണ് അടിസ്ഥാന വിലയായി കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. സ്പെസിഫിക്കേഷനുകളും മറ്റ് സവിശേഷതകളും കമ്പനി ഇന്ന് പുറത്തുവിടും.
ലോഞ്ചിന് മുന്‍പ് തന്നെ വാഹനത്തിന്റെ ഡിസൈനെ കുറിച്ചുള്ള ഏകദേശ ചിത്രങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടുണ്ട്. ഈ 5-ഡോര്‍ എസ്യുവി സ്‌പോര്‍ട്‌സ് റൗണ്ട് എല്‍ഇഡി ഹെഡ്‌ലൈറ്റുകളും സി ആകൃതിയിലുള്ള ഡിആര്‍എല്ലുകളും ഫ്രണ്ട് ബമ്പറില്‍ നിര്‍മ്മിച്ച ഫോഗ് ലൈറ്റുകളും, അതിനൊപ്പം ആറ് സ്ലോട്ട് ഡിസൈനിലുള്ള പുതിയ, പെയിന്റ് ചെയ്ത ഗ്രില്ലോടെയുമാണ് വരിക. 2.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍, 2.2 ലിറ്റര്‍ ടര്‍ബോ-ഡീസല്‍ എന്‍ജിനുകളാണ് ഥാര്‍ റോക്‌സിന് ഉണ്ടാവുക. 150 ബിഎച്ച്പി കരുത്തേകുന്ന ഡീസല്‍ എഞ്ചിനും 160 ബിഎച്ച്പി ഉത്പാദിപ്പിക്കുന്ന പെട്രോള്‍ എഞ്ചിനും വാഹനത്തില്‍ ഒരുക്കുമെന്ന് മഹീന്ദ്ര തന്നെ സ്ഥിരീകരിച്ച കാര്യമാണ്.
ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, വെന്റിലേറ്റഡ് ലെതറെറ്റ് സീറ്റുകള്‍, റിക്ലൈനിംഗ് റിയര്‍ സീറ്റുകള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, റിയര്‍ എയര്‍-കോണ്‍ വെന്റുകള്‍, കൂടാതെ ഹര്‍മാന്‍ കാര്‍ഡണ്‍ ഓഡിയോ സിസ്റ്റം, പനോരമിക് സണ്‍റൂഫ് എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത ഫീച്ചറുകളുടെ അകമ്പടിയോടെയാണ് വാഹനം വിപണിയിലേക്ക് എത്തുന്നത്.
ത്രീ-ഡോര്‍ പതിപ്പിനേക്കാള്‍ വലിയ സെന്‍ട്രല്‍ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്‌പ്ലേയാണ് ഥാര്‍ റോക്‌സിനുണ്ടാവുക. സുരക്ഷാ സവിശേഷതകളില്‍ വാഹനത്തിന് ആറ് എയര്‍ബാഗുകള്‍, ഇലക്ട്രോണിക്-സ്റ്റെബിലിറ്റി-കണ്‍ട്രോള്‍ കൂടാതെ എല്ലാ യാത്രക്കാര്‍ക്കും മൂന്ന്-പോയിന്റ് സീറ്റ് ബെല്‍റ്റുകള്‍ എന്നിവ സ്റ്റാന്‍ഡേര്‍ഡായി ലഭിച്ചേക്കും.