കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ഡോക്ടറുടെ ലൈംഗികാതിക്രമ കൊലപാതകത്തില്‍ പ്രതിയുടെ സൈക്കോ അനാലിസിസ് പരിശോധന നടത്താനൊരുങ്ങി സിബിഐ. ഇതിനായി വിദഗ്ധ സംഘം ഡല്‍ഹിയില്‍ നിന്ന് കൊല്‍ക്കത്തയിലെത്തി.
സംഭവത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം കനത്തിരിക്കെ സംസ്ഥാനങ്ങളില്‍ നിരീക്ഷണം ശക്തമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇത്തരത്തിലൊരു നിര്‍ദേശം സംസ്ഥാനങ്ങള്‍ക്ക് കൈമാറിയത്. ഓരോ രണ്ട് മണിക്കൂറിലും ക്രമസമാധാന സ്ഥിതി സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കാനാണ് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുള്ളത്.
അതേസമയം, ആര്‍ജി കര് ആശുപത്രിയുടെ പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്ന് രാജിവെച്ച സന്ദീപ് ഘോഷിനെതിരെ നടപടികള്‍ കടുപ്പിക്കുക തന്നെയാണ് സര്‍ക്കാരും വിവിധ ഡോക്ടര്‍മാരുടെ സംഘടനകളും. സന്ദീപ് ഘോഷിനെ പുതിയ ആശുപത്രിയില്‍ നിയമിച്ച ഉത്തരവ് മരവിപ്പിക്കണമെന്നും നാളെ തന്നെ തീരുമാനം അറിയിക്കാനും സര്‍ക്കാര്‍ ആരോഗ്യ വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നേരത്തെ സന്ദീപ് ഘോഷിനെ സിബിഐ ചോദ്യം ചെയ്ത പശ്ചാത്തലത്തില്‍ അദ്ദേഹത്തെ അക്കാദമിക പ്രവര്‍ത്തനങ്ങളില്‍ നിന്ന് നീക്കുമെന്നും വിശദീകരണം തേടുമെന്നും സംഘടന ബംഗാള്‍ ഓര്‍ത്തോപീഡിക് അസോസിയേഷന് അറിയിച്ചിരുന്നു.
കഴിഞ്ഞ ദിവസം കേസിന്റെ പശ്ചാത്തലത്തില്‍ വിവിധ ആവശ്യങ്ങളുന്നയിച്ച് പ്രധാമന്ത്രിക്ക് ഐഎംഎ കത്തയച്ചിരുന്നു. ആശുപത്രികളില്‍ സുരക്ഷ കര്‍ശനമാക്കണമെന്നും സുരക്ഷാ പ്രോട്ടോകോളുകളില്‍ മാറ്റം വേണമെന്നതടക്കമുള്ള നിരവധി ആവശ്യങ്ങളാണ് കത്തിലുള്ളത്.
നാല് ആവശ്യങ്ങളാണ് ഐഎംഎ അയച്ച കത്തിലുള്ളത്. ആശുപത്രികളില്‍ വിമാനത്താവളങ്ങള്‍ക്ക് സമാനമായ സുരക്ഷയൊരുക്കണമെന്നതാണ് ആദ്യത്തെ ആവശ്യം. ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള സുരക്ഷാ പ്രോട്ടോകോളുകളില്‍ മാറ്റം വേണമെന്നതാണ് മറ്റൊരു ആവശ്യം. കൊല്ലപ്പെട്ട ഡോക്ടറുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും കേസില്‍ അന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും പ്രധാനമന്ത്രിക്കയച്ച കത്തിലുണ്ട്.