25 December 2024

മലയാള സിനിമയില്‍ ഒരു പവര്‍ ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നുവെന്ന് സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിച്ച് തയാറാക്കിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശം. പവര്‍ ഗ്രൂപ്പില്‍ സംവിധായകരും നടന്മാരും നിര്‍മാതാക്കളും ഉള്‍പ്പെട 15 പേരാണുള്ളതെന്നാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശം. മലയാള സിനിമയിലെ ഒരു നടന്‍ ഈ ഗ്രൂപ്പിനെ മാഫിയ സംഘം എന്ന് വിളിച്ചതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ഈ നടന് അപ്രഖ്യാപിത വിലക്കുകാരണം പിന്നീട് സീരിയല്‍ രംഗത്തേക്ക് പോകേണ്ടി വന്നതായും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

സിനിമാമേഖലയില്‍ വ്യാപക ലൈംഗിക ചൂഷണമെന്ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. അവസരം കിട്ടാന്‍ വിട്ടുവീഴ്ച ചെയ്യണമെന്നും വഴിവിട്ട കാര്യങ്ങള്‍ ചെയ്യാന്‍ സംവിധായകരും നിര്‍മ്മാതാക്കളും നിര്‍ബന്ധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്കായി വിളിക്കുന്ന പെണ്‍കുട്ടികള്‍ക്കായി വാട്ട്സാപ്പ് ഗ്രൂപ്പ് ഉണ്ടെന്നും ഇരയാക്കപ്പെട്ടവരുടെ മൊഴികളില്‍ പലതും ഞെട്ടിക്കുന്നതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സിനിമാതാരങ്ങളില്‍ പലര്‍ക്കും ഇരട്ടമുഖമാണെന്നും അഡ്ജസ്റ്റ്മെന്റും കോംപ്രമൈസും സ്ഥിരം വാക്കുകളായി എന്ന ഗുരുതര ആരോപണവും റിപ്പോര്‍ട്ടിലുണ്ട്.

വിട്ടുവീഴ്ച ചെയ്യാന്‍ തായാറാകുന്നവര്‍ അറിയപ്പെടുക കോഡ് പേരുകളിലെന്ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് കണ്ടെത്തി. സെറ്റില്‍ ഇതിനായി ഇടനിലക്കാരുണ്ടെന്നും റിപ്പോര്‍ട്ട്. സ്ത്രീകളെ സ്‌ക്രീനില്‍ ചിത്രീകരിക്കുന്നതില്‍ വലിയ പ്രശ്നം. തൊഴിലിടങ്ങളിലും യാത്രാവേളകളിലും താമസ ഇടങ്ങളിലും അടക്കം നടിമാര്‍ ലൈംഗിക ചൂഷണത്തിന് വിധേയരാകുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. ലൈംഗിക താല്പര്യത്തിന് വഴങ്ങാത്ത നടിമാര്‍ ടോര്‍ച്ചറിനു വിധേയരാകുന്നു. മദ്യം മയക്കുമരുന്ന് ലഹരി ഉപയോഗിച്ച് മോശമായി പെരുമാറുന്നു. സിനിമാ ലൊക്കേഷനില്‍ വള്‍ഗര്‍ കമന്റ്സ് നേരിടുന്നു. സിനിമാ മേഖലയില്‍ പുറംമൂടി മാത്രമേയുള്ളൂ. വേതനത്തില്‍ വിവേചനം നേരിടുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!