വയനാട്: ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്നുള്ള ദുരന്തബാധിത പ്രദേശങ്ങളിലെ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യും. മന്ത്രിസഭായോഗത്തിലാണ് തീരുമാനം. ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ എഎവൈ കാര്‍ഡ് ഉടമകള്‍ക്കും ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കും 13 ഇനം അവശ്യസാധനങ്ങള്‍ ഉള്‍പ്പെടുത്തിയ സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യുന്നുണ്ട്. ഇതിനായി 34.29 കോടി രൂപ മുന്‍കൂറായി സപ്ലൈകോയ്ക്ക് അനുവദിച്ചു. റേഷന്‍കടകള്‍ മുഖേനയാണ് വിതരണം. ആകെ 5,99,000 കിറ്റുകളാണ് വിതരണം ചെയ്യുക.
തേയില, ചെറുപയര്‍ പരിപ്പ്, സേമിയ പായസം മിക്‌സ്, നെയ്യ്, കശുവണ്ടി പരിപ്പ്, വെളിച്ചെണ്ണ, സാമ്പാര്‍പൊടി, മുളക് പൊടി, മഞ്ഞള്‍പൊടി, മല്ലിപ്പൊടി, ചെറുപയര്‍, തുവരപ്പരിപ്പ്, പൊടി ഉപ്പ്, എന്നീ ഇനങ്ങളോടൊപ്പം തുണിസഞ്ചിയും നല്‍കും. ആറു ലക്ഷം പേര്‍ ഗുണഭോക്താക്കളാകുന്ന ഈ സംരംഭത്തിന് 36 കോടി രൂപ ചെലവാണ് പ്രതീക്ഷിക്കുന്നത്.
സപ്ലൈകോയുടെ ഓണച്ചന്തകള്‍ സെപ്റ്റംബര്‍ 6 മുതല്‍ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഓണം ഫെയറുകള്‍ 10 മുതല്‍ 14 വരെ താലൂക്ക് ആസ്ഥാനങ്ങളിലും സംഘടിപ്പിക്കും. കര്‍ഷകരില്‍നിന്നും നേരിട്ട് സംഭരിച്ച ജൈവ പച്ചക്കറികള്‍ വിപണനം ചെയ്യുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ ഫെയറുകളില്‍ ഒരുക്കും. 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ സബ്‌സിഡി നിരക്കില്‍ മാവേലി-സൂപ്പര്‍മാര്‍ക്കറ്റുകളിലൂടെ വിതരണം ചെയ്യും.