നമ്മള്‍ എവിടെയാണോ അവിടം നമ്മുടെ സ്ഥലമാക്കി മാറ്റുന്നവരാണ് ഇന്ത്യക്കാര്‍. ഭാഷയിലൂടെയും വേഷങ്ങളിലൂടെയും ഭക്ഷണങ്ങളിലൂടെയുമെല്ലാം ഇന്ത്യക്കാര്‍ ലോകത്തെവിടെയും സ്വയം അടയാളപ്പെടുത്തും. അത്തരത്തില്‍ വീണ്ടും നമ്മുടെ രാജ്യത്തെ അഭിമാനത്തിന്റെ നെറുകയില്‍ എത്തിക്കുന്ന ഒരു പഠന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. സിറ്റി ലിറ്റ് എന്ന കോളേജിന്റെ പഠന റിപ്പോര്‍ട്ട് പ്രകാരം ലണ്ടനില്‍ ഏറ്റവും അധികം സംസാരിക്കുന്ന വിദേശ ഭാഷയായി അടയാളപ്പെടുത്തിയിരിക്കുകയാണ് ബംഗാളി. 2019ല്‍ നടത്തിയ ഒരു സര്‍വേ പ്രകാരം ലണ്ടനിലെ 3,11,210 പേരും വീടുകളില്‍ സംസാരിക്കുന്നത് വിദേശഭാഷകളാണ്.
സിറ്റി ലിറ്റ് നടത്തിയ സര്‍വേ പ്രകാരം ബംഗാളി ഭാഷക്ക് പുറമേ പോളിഷ്, ടര്‍ക്കിഷ് തുടങ്ങിയ ഭാഷകളും ലണ്ടനില്‍ സംസാരിക്കുന്ന വിദേശ ഭാഷകളുടെ പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്നുണ്ട്. ഇംഗ്ലീഷ്, യൂറോപ്യന്‍ ഭാഷകള്‍ക്ക് പുറമെ ബംഗാളി, പഞ്ചാബി, ഉറുദു, അറബി, തമിഴ് എന്നീ ഭാഷകളാണ് പ്രധാനമായും ലണ്ടനില്‍ സംസാരിക്കുന്ന പ്രധാന ഭാഷകള്‍.
ലണ്ടനിലെ ഏകദേശം 71,609 പേരും സംസാരിക്കുന്ന പ്രധാന ഭാഷ ബംഗാളിയാണ്. ഇവര്‍ സെക്കന്‍ഡറി ഭാഷ എന്ന നിലയില്‍ മാത്രമാണ് ഇംഗ്ലീഷിനെ കണക്കാക്കുന്നത്. ലണ്ടനിലെ ന്യൂഹാം നിവാസികളില്‍ ഏഴ് ശതമാനവും, ടവര്‍ ഹാംലെറ്റില്‍ താമസിക്കുന്നവരില്‍ 18 ശതമാനവും കാംഡന്‍ നിവാസികളില്‍ മൂന്ന് ശതമാനവും ബംഗാളിയാണ് അവരുടെ വീടുകളില്‍ സംസാരിക്കുന്നത്. റെഡ്ബ്രിഡ്ജിലെ ജനസംഖ്യയുടെ നാല് ശതമാനവും ആളുകള്‍ സംസാരിക്കുന്ന വിദേശ ഭാഷ ഉര്‍ദുവാണ്.