ഭരണസമിതി പിരിച്ചുവിട്ടത് ഒളിച്ചോട്ടമല്ല മറിച്ച് ധാര്‍മികതയാണെന്ന് വ്യക്തമാക്കി നടന്‍ ജോയി മാത്യു. താരസംഘടനയായ അമ്മയിലെ എക്‌സിക്യൂട്ടീവ് സ്ഥാനം രാജിവച്ചതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദേഹം. സംഘടനയാകെ നാണംകെട്ട അവസ്ഥയിലല്ല. ഭരണസമിതി പിരിച്ചുവിട്ടത് മാതൃകാപരമാണെന്നും വേറെ ഏതെങ്കിലും സംഘടന ഇത്തരമൊരു നടപടി സ്വീകരിക്കുമോ എന്നും ജോയ് മാത്യു ചോദിച്ചു.
‘ധാര്‍മികമായ നിലപാടിന്റെ വിജയമാണ് ഈ കൂട്ടരാജി. സംഘടനയുടെ ഉത്തരവാദിത്തപ്പെട്ട ഭാരവാഹികള്‍ ചില ആരോപണങ്ങള്‍ നേരിടുമ്പോള്‍ ആ സംഘടനയുടെ ഭരണസമിതി തന്നെ പിരിച്ചുവിട്ട് മാതൃക കാണിക്കുകയാണ് ഞങ്ങള്‍ ചെയ്തത്. വേറെ ഏതു സംഘടനയാണ് ഇങ്ങനെ കാണിച്ചിട്ടുള്ളത്’, ജോയ് മാത്യു മാധ്യമങ്ങളോട് പ്രതികരിച്ചു.
‘സംഘടനയാകെ നാണംകെട്ട അവസ്ഥയിലല്ല. സംഘടന പിരിച്ചു വിട്ടിട്ടും ഇല്ല. ഭരണസമിതി മാത്രമാണ് പിരിച്ചു വിട്ടത്. പ്രധാനപ്പെട്ട ഉത്തരവാദിത്തം വഹിക്കുന്ന രണ്ടു പേരായതുകൊണ്ടാണ് ഭരണസമിതി പിരിച്ചുവിട്ടത്. ക്വാറം തികയാത്ത സമിതിയായി കൊണ്ടു നടക്കുന്നതില്‍ അര്‍ഥമില്ല. ആരുടെയും സമ്മര്‍ദ്ദമില്ലാതെ കൂട്ടായി എടുത്ത തീരുമാനമാണ് ഈ രാജി. ആരുടെയും സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങുന്നവരല്ല ഞങ്ങള്‍. ഹേമ കമ്മിറ്റി പുറത്തു വന്ന സാഹചര്യത്തില്‍ പുതിയ കമ്മിറ്റി പുതിയ രീതിയില്‍ പ്രവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷ. സംഘടന ശക്തമായി മുന്‍പോട്ടു പോകും. അതിനു പ്രാപ്തിയുള്ളവര്‍ ഇതിലുണ്ട്’, ജോയ് മാത്യു പറയുന്നു.
‘ഭരണസമിതി പിരിച്ചുവിട്ടത് ഒളിച്ചോട്ടമല്ല. ധാര്‍മികതയുടെ പേരിലാണ് രാജി വയ്ക്കുന്നത്. കോണ്‍ക്ലേവില്‍ പങ്കെടുക്കണമോ വേണ്ടയോ എന്നത് താല്‍ക്കാലിക ഭരണസമിതിയോ അതിനു ഉത്തരവാദിത്തപ്പെട്ടവരോ ചര്‍ച്ച ചെയ്തു തീരുമാനിക്കും. ഞാന്‍ വ്യക്തിപരമായി കോണ്‍ക്ലേവിന് എതിരാണ്. കുറ്റാരോപിതര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി ഉണ്ടാകുമല്ലോ. അത് അതിന്റെ വഴിക്ക് പോകും. കോണ്‍ക്ലേവിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയില്ല. ഹേമ കമ്മിറ്റി കുറച്ചു നിര്‍ദേശങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. ആ നിര്‍ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കണം’, ജോയ് മാത്യു വ്യക്തമാക്കി.