24 December 2024

കൊച്ചി: മുല്ലപ്പെരിയാറില്‍ പുതിയ ഡാം അനിവാര്യമല്ലെന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍. പകരം മുല്ലപ്പെരിയാര്‍ റിസര്‍വോയറില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് തുരങ്കം നിര്‍മിക്കണമെന്ന് ശ്രീധരന്‍ പറഞ്ഞു. തമിഴ്‌നാട്ടില്‍ വെള്ളം ശേഖരിക്കാനായി ചെറിയ ഡാമുകള്‍ നിര്‍മിക്കണമെന്നും ഇ ശ്രീധരന്‍ നിര്‍ദേശിച്ചു. തുരങ്കം നിര്‍മിച്ചാല്‍ മുല്ലപ്പെരിയാര്‍ ഭീഷണിയുണ്ടാവില്ല. ബലപ്പെടുത്തിയാല്‍ 50 വര്‍ഷത്തേക്ക് ഭീഷണിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നാല് കിലോമീറ്റര്‍ നീളത്തിലും ആറ് മീറ്റര്‍ വിസ്താരത്തിലും തമിഴിനാട്ടിലേക്ക് തുരങ്കം നിര്‍മിക്കാമെന്ന് ഇ ശ്രീധരന്‍ പറഞ്ഞു. ഡാം നിര്‍മാണം ചെലവേറിയതാണെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം ജലനിരപ്പ് 100 അടിയില്‍ നിജപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. ഈ നിര്‍ദ്ദേശം തമിഴ്‌നാടും കേന്ദ്രവും ഉടന്‍ അംഗീകരിക്കുമെന്നും സുപ്രീംകോടതിക്കും എതിര്‍പ്പ് ഉണ്ടാകില്ലെന്നും ഇ ശ്രീധരന്‍ പറഞ്ഞു.

വയനാട് ഉരുള്‍പൊട്ടലിന് പിന്നാലെ മുല്ലപ്പെരിയാറിന്റെ സുരക്ഷ സംബന്ധിച്ച് വ്യാപക ചര്‍ച്ചകള്‍ നടക്കുകയും ഡാം ഡികമ്മിഷന്‍ ചെയ്യണമെന്നാവശ്യം ശക്തമായി ഉയരുകയും ചെയ്തിരുന്നു. മുല്ലപ്പെരിയാര്‍ ഡാമിന്റെ പരമാവധി സംഭരണ ശേഷി 152 അടിയും അനുവദനീയ സംഭരണ ശേഷി 142 അടിയുമാണ്. 2010ല്‍ സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ് എഎസ് ആനന്ദ് കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണ് 2014ല്‍ അണക്കെട്ടിലെ ജലനിരപ്പ് 136ല്‍ നിന്ന് 142 അടിയാക്കി ഉയര്‍ത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!