തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പ്രതിയായ നടന്‍ എം മുകേഷ് എംഎല്‍എ സ്ഥാനം തല്‍ക്കാലം രാജിവെക്കേണ്ടെന്ന് സിപിഎം. പാര്‍ട്ടി അവൈലബിള്‍ സെക്രട്ടേറിയറ്റ് യോഗത്തിലാണ് ധാരണ. കേസിന്റെ തുടര്‍നടപടി നിരീക്ഷിച്ച ശേഷമാകും തീരുമാനമെടുക്കുക. അതേസമയം സിനിമാ നയരൂപീകരണ സമിതിയില്‍ നിന്നും മുകേഷിനെ മാറ്റാനും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ധാരണയായിട്ടുണ്ട്. നാളെ ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും വിഷയം ചര്‍ച്ച ചെയ്യും.
സിപിഐ മുകേഷിന്റെ രാജി ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നതിനിടെയാണ് നടനെ സംരക്ഷിക്കുന്ന നിലപാട് പാര്‍ട്ടി സ്വീകരിക്കുന്നത്. ഇത് മുന്നണിക്കിടയില്‍ ചര്‍ച്ചയായേക്കും. സിപിഐ സംസ്ഥാന നേതൃത്വം ആവശ്യം ഉന്നയിക്കാത്താതിനാലാണ് ആനിരാജയും പ്രകാശ് ബാബുവും അടക്കമുള്ളവരുടെ ആവശ്യത്തെ കണക്കിലെടുക്കേണ്ടതില്ലെന്ന തീരുമാനത്തിലെത്തിയത്.
അതേസമയം നയരൂപീകരണ സമിതി പുനസംഘടിപ്പിക്കുമ്പോള്‍ ആയിരിക്കും ഒഴിവാക്കല്‍. കോണ്‍ഗ്രസില്‍ ലൈംഗികാതിക്രമ ആരോപണം നേരിട്ട കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെച്ചില്ലല്ലോയെന്നാണ് ഇക്കാര്യത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പ്രതികരിച്ചത്. ആരോപണം നേരിടുന്ന മൂന്നാമത്തെ എംഎല്‍എയാണ് മുകേഷ്. ആദ്യത്തെ രണ്ട് എംഎല്‍എമാര്‍ രാജിവെക്കാത്ത സ്ഥിതിക്ക് മുകേഷ് രാജിവെക്കേണ്ട സാഹചര്യം ഇല്ലെന്ന് ഇ പി ജയരാജന്‍ പറഞ്ഞിരുന്നു.
തനിക്കെതിരായ ആരോപണങ്ങള്‍ സംബന്ധിച്ച് മുകേഷ് ഇന്നലെ മുഖ്യമന്ത്രിയെ ധരിപ്പിച്ചിരുന്നു. പരാതിക്കാരി പണം തട്ടാന്‍ ശ്രമിച്ചതിനുള്ള തെളിവുകളും മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. കൊച്ചി സ്വദേശിയായ നടിയുടെ പരാതിയില്‍ മരട് പൊലീസാണ് മുകേഷിനെതിരെ കേസെടുത്തിരിക്കുന്നത്. മുകേഷിന്റെ വീടിന് മുന്നില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. രാജിയില്‍ പ്രതിഷേധം ശക്തമായതോടെയാണ് വീടിന് ശക്തമായ പൊലീസ് സംരക്ഷണം നല്‍കിയത്.