26 December 2024

തിരുവനന്തപുരം: ലൈംഗികാരോപണ പരാതിയില്‍ നടന്‍ സിദ്ദിഖിനെതിരെ നിര്‍ണായക തെളിവുകള്‍. സിദ്ദിഖും പരാതിക്കാരിയായ യുവനടിയും തിരുവനന്തപുരത്തെ ഹോട്ടലില്‍ ഉണ്ടായിരുന്നതിന്റെ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലില്‍ ഒരേ സമയം ഇരുവരും ഉണ്ടായിരുന്നതിന്റെ വിവരങ്ങളാണ് പൊലീസിന് ലഭിച്ചത്. മസ്‌കറ്റ് ഹോട്ടലിലെ രജിസ്റ്ററില്‍ സിദ്ദിഖിന്റെയും നടിയുടേയും പേരുകളുണ്ടെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചു.

കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലായിരുന്നു ഹോട്ടലില്‍ പരിശോധന നടത്തി തെളിവു ശേഖരിച്ചത്. 2016-ല്‍ സിദ്ദിഖ് ഹോട്ടലില്‍ വെച്ച് പീഡിപ്പിച്ചെന്നാണ് നടി പരാതി പറഞ്ഞിരുന്നത്. കേസില്‍ യുവനടി നല്‍കിയ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്തുവന്നിരുന്നു. സിനിമയെക്കുറിച്ച് ചര്‍ച്ചചെയ്യാനെന്ന് പറഞ്ഞ് സിദ്ദിഖ് തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലിലേക്ക് ക്ഷണിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഹോട്ടലിലെ റിസപ്ഷനില്‍ അതിഥി രജിസ്റ്ററില്‍ ഒപ്പു വെച്ചശേഷമാണ് സിദ്ദിഖിന്റെ മുറിയിലേക്ക് പോയത് എന്നും നടി പൊലീസിന് മൊഴി നല്‍കിയിരുന്നു.

2016-ല്‍ സിദ്ദിഖിന്റെ സിനിമയുടെ പ്രിവ്യൂ നിള തിയേറ്ററില്‍ നടന്നിരുന്നു. അതിനുശേഷമാണ് സിനിമാ ചര്‍ച്ചയ്ക്കായി സിദ്ദിഖ് ക്ഷണിച്ചത്. റിസപ്ഷനില്‍ ആരെ കാണുന്നു എന്നതടക്കമുള്ള കാര്യങ്ങള്‍ എഴുതി ഒപ്പുവെച്ച ശേഷമാണ് മുറിയിലേക്ക് പോയത്. ഹോട്ടലിലെ ഒന്നാം നിലയിലായിരുന്നു സിദ്ദിഖിന്റെ മുറി. ആ മുറിയില്‍ വെച്ചാണ് ക്രൂരമായ പീഡനത്തിന് ഇരയായതെന്ന് നടി മൊഴി നല്‍കിയിട്ടുണ്ട്.

നിള തിയേറ്ററില്‍ നടന്ന പ്രിവ്യൂ ഷോയില്‍ അച്ഛനും അമ്മയ്ക്കും ഒപ്പം വന്ന പെണ്‍കുട്ടിയെ കണ്ടിരുന്നതായി സിദ്ദിഖ് നല്‍കിയ പരാതിയിലും വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ നടിയുടെ മാതാപിതാക്കളുടെ മൊഴി പ്രത്യേക അന്വേഷണ സംഘം എടുക്കും. കേസില്‍ നടിയുടെ രഹസ്യമൊഴി വനിതാ മജിസ്ട്രേറ്റ് രേഖപ്പെടുത്തും. മസ്‌കറ്റ് ഹോട്ടലിലെ സംഭവം നടന്ന സമയത്തെ റിസപ്ഷനിലെ രജിസ്റ്റര്‍ ഹോട്ടല്‍ അധികൃതരോട് പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു.

തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റില്‍ വെച്ചു നടന്ന ഷൂട്ടിങ്ങിനിടെ നടന്‍ ജയസൂര്യ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍, പൊതുഭരണ വകുപ്പില്‍ നിന്നും സെക്രട്ടേറിയറ്റ് വാടകയ്ക്ക് നല്‍കിയതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ പൊലീസ് തേടിയിട്ടുണ്ട്. 2008 ല്‍ സെക്രട്ടേറിയറ്റ് വാടകയ്ക്ക് എടുത്താണ് ജയസൂര്യയുടെ സിനിമയുടെ ഷൂട്ടിങ് നടത്തിയത്. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസാണ് ജയസൂര്യക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!