തിരുവനന്തപുരം: നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിന്റെ ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി. സിപിഐഎം പരപ്പനങ്ങാടി ലോക്കല്‍ കമ്മിറ്റി അംഗം എ പി മുജീബാണ് പരാതി നല്‍കിയത്. എഡിജിപി എം ആര്‍ അജിത്ത് കുമാര്‍ അടക്കമുള്ളവര്‍ക്കെതിരെ അന്വേഷണം നടത്തണമെന്നാണ് പരാതിയിലുള്ളത്. അന്‍വറിനെ സാക്ഷിയാക്കി കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന ആവശ്യവും പരാതിയിലുണ്ട്. നേരത്തെ സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു.
കഴിഞ്ഞ ദിവസമായിരുന്നു എഡിജിപി എം ആര്‍ അജിത്ത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ രംഗത്തെത്തിയത്. സ്വര്‍ണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് എഡിജിപി എം ആര്‍ അജിത്ത് കുമാര്‍ ആളുകളെ കൊല്ലിച്ചിട്ടുണ്ടെന്നും ദാവൂദ് ഇബ്രാഹിം ആണ് എം ആര്‍ അജിത്കുമാറിന്റെ റോള്‍ മോഡല്‍ എന്ന് സംശയിച്ചുപോകുന്നുവെന്നും തുടങ്ങി ഗുരുതര ആരോപണങ്ങളാണ് പി വി അന്‍വര്‍ പൊലീസിനെതിരെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കെതിരെയും ഉന്നയിച്ചത്. പത്തനംതിട്ട എസ് പിയായ സുജിത് ദാസിന് കസ്റ്റംസിലുള്ള ബന്ധം കോഴിക്കോട്ട് വിമാനത്താവളത്തില്‍ സ്വര്‍ണം കടത്താന്‍ ഉപയോഗിക്കുന്നുണ്ടെന്നും പി വി അന്‍വര്‍ ആരോപിച്ചു. എസ്പിയുമായുള്ള ഫോണ്‍ കോള്‍ ചോര്‍ത്തിയത് ഗതികേടുകൊണ്ടാണെന്നും കേരളത്തിലെ ജനങ്ങള്‍ക്ക് അത് മനസിലാവുമെന്നും അദ്ദേഹം പറഞ്ഞു. ക്രമസമാധാനം ഉറപ്പുവരുത്തേണ്ട ഓഫീസര്‍മാര്‍ രാജ്യവിരുദ്ധ പ്രവര്‍ത്തികള്‍ ചെയ്യുകയാണ്. ഇത് പാര്‍ട്ടിയെയും സര്‍ക്കാരിനെയും ജനങ്ങളെയും ബോധ്യപ്പെടുത്തുകയാണ് തന്റെ ദൗത്യമെന്നും പി വി അന്‍വര്‍ പറഞ്ഞിരുന്നു.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി, എഡിജിപി അജിത്ത് കുമാര്‍ എന്നിവരെ മുഖ്യമന്ത്രി വിശ്വസിച്ചു. എന്നാല്‍ ഇരുവരും ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ വീഴ്ച വരുത്തി. അരീക്കോട്ടെ നവകേരള സദസ് അലങ്കോലമാക്കി. പൊലീസ് ഇടപെടുന്നതിന് പകരം നോക്കി നിന്നു. പാര്‍ട്ടിയെയും സര്‍ക്കാരിനെയും ഇല്ലായ്മ ചെയ്യുന്ന ഗ്രൂപ്പാണിതെന്നും പി വി അന്‍വര്‍ ആരോപിച്ചു. പരാമര്‍ശത്തിന് പിന്നാലെ പ്രതിപക്ഷം ശക്തമായ വിമര്‍ശനമാണ് സര്‍ക്കാരിനെതിരെ ഉന്നയിക്കുന്നത്. കേരളത്തിലുള്ളത് വേലി തന്നെ വിളവു തിന്നുന്ന സാഹചര്യമാണെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ പ്രതികരണം. കേരളത്തിലെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസാണെന്നും അദ്ദേഹം ആരോപിച്ചു.
പ്രതിപക്ഷം ഏറെക്കാലമായി ആരോപിക്കുന്ന കാര്യമാണ് മുഖ്യമന്ത്രിയുടെ വിശ്വസ്തനായ ഒരു സിപിഐഎം എംഎല്‍എയുടെ ഭാഗത്ത് നിന്നുണ്ടായതെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രതികരണം. ഗുണ്ടാസംഘം പോലും നാണിച്ചു പോകുന്ന തരത്തില്‍ പെരുമാറുകയാണ് മുഖ്യമന്ത്രിയുടെ ഓഫീസെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘമാണ് കേരളത്തിലെ പൊലീസിനെ നിയന്ത്രിക്കുന്നതെന്ന ആരോപണം സത്യമാണെന്ന് തെളിഞ്ഞു. മുഖ്യന്റെ ഓഫീസില്‍ നടക്കുന്നത് മുഴുവന്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളാണെന്നാണ് സിപിഐഎമ്മിന്റെ എംഎല്‍എ പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേ സമയം ആക്ഷേപങ്ങളും ആരോപണങ്ങളും സര്‍ക്കാര്‍ പരിശോധിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരായ ആരോപണം സര്‍ക്കാരിന്റെ അഭിപ്രായമല്ലെന്നും പി വി അന്‍വറിന്റെ അഭിപ്രായം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. താനൂര്‍ കസ്റ്റഡി മരണത്തെ കുറിച്ചുള്ള ആരോപണത്തെ തള്ളിയ മന്ത്രി, പി വി അന്‍വറിന്റേത് അവസാന വാക്കല്ലെന്നും കൂട്ടിച്ചേര്‍ത്തു.