25 December 2024

ഹേമ കമ്മറ്റി റിപ്പോര്‍ട്ടിനെതിരെ വിമര്‍ശനവുമായി ഭാഗ്യലക്ഷ്മി. റിപ്പോര്‍ട്ട് പുറത്ത് വന്ന അന്നു മുതല്‍ സിനിമാ ലോകത്തുള്ള എല്ലാ സ്ത്രീകളും അപമാനിക്കപ്പെട്ടു കൊണ്ടിരിക്കുകയാണെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. ഏറ്റവും താഴെ തട്ടില്‍ ഉള്ളവര്‍ അപമാനിക്കപ്പെടുന്നവെന്നും ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നത് ഒരു തരത്തില്‍ ദ്രോഹമെന്നും ഭാഗ്യലക്ഷ്മി കുറ്റപ്പെടുത്തി. സമൂഹത്തിലും, കുടുംബത്തിലുമുള്ളവരുടെ മുന്നില്‍ അപമാനിക്കപ്പെടുന്നുവെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

മുഖം മറച്ചെത്തിയ പെണ്‍കുട്ടി മാധ്യമങ്ങള്‍ക്ക് മുന്നില്‍ തനിക്കെതിരെ നടത്തിയ ആരോപണങ്ങള്‍ക്കും ഭാഗ്യലക്ഷ്മി മറുപടി പറഞ്ഞു. ഞങ്ങള്‍ മുഖം മറയ്ക്കാതെയാണ് ഇപ്പോള്‍ അവരുടെ ആരോപണത്തില്‍ ഇപ്പോള്‍ മറുപടി നല്‍കുന്നത്. ആരോപണങ്ങള്‍ നേരിടും. അപമാനിച്ചതിന് എതിരെ നിയമ നടപടി സ്വീകരിക്കും. പൊലീസില്‍ പരാതി നല്‍കും. മുഖ്യമന്ത്രിക്കും പരാതി നല്‍കുമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

ഇക്കഴിഞ്ഞ 31നാണ് ഫെഫ്കയുടെ കീഴിലുള്ള സംഘടനകളിലെ സ്ത്രീകളുടെ പൊതുയോഗം നടന്നത്. അതില്‍ മുന്‍ധാരണയോടെ രണ്ട് പെണ്‍കുട്ടികള്‍ സംസാരിച്ചു. സംഘടനയെ തകര്‍ക്കാന്‍ ഉറപ്പിച്ച മട്ടിലാണ് അവര്‍ പെരുമാറിയത്. ജോലി സ്ഥലത്ത് ആയാലും പൊതുവിടത്തിലായാലും സ്വയം സുരക്ഷ ഉറപ്പാക്കണമെന്നാണ് അവരോട് പറഞ്ഞത്. എന്നാല്‍, ഇതിനെ വളച്ചൊടിച്ചാണ് അവര്‍ ആരോപണം ഉന്നയിച്ചത്. യോഗത്തില്‍ ഒരക്ഷരം മിണ്ടാത്ത ആളാണ് പുറത്തിറങ്ങി ഞാന്‍ സ്ത്രീ വിരുദ്ധയാണെന്ന് വിളിച്ചു പറഞ്ഞത്. മറ്റു രണ്ടു പേരുടെ പേരുകള്‍ കൂടി അവര്‍ വിളിച്ചുപറഞ്ഞു – ഭാഗ്യലക്ഷ്മി കൂട്ടിച്ചേര്‍ത്തു.

രാധിക ശരത് കുമാറിനെതിരെയും ഭാഗ്യലക്ഷ്മി ആഞ്ഞടിച്ചു. അവര്‍ ഇപ്പോഴും മലര്‍ന്നു കിടന്നു തുപ്പുകയാണെന്ന് ഭാഗ്യലക്ഷ്മി വിമര്‍ശിച്ചു. WCC മെമ്പര്‍മാര്‍ക്കെതിര ഉയര്‍ന്ന ആരോപണം അന്വേഷിക്കണമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!